കനത്ത പരാജയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെ ചേരും.

രാഹുൽ ഗാന്ധിയുടെ രാജിസന്നദ്ധത യോഗത്തില്‍ ചര്‍ച്ചയാകും.

0

തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെ ചേരും. രാഹുൽ ഗാന്ധിയുടെ രാജിസന്നദ്ധത യോഗത്തില്‍ ചര്‍ച്ചയാകും. യു.പിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാറും നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയിട്ടുണ്ട്. കർണാടക, മധ്യപ്രദേശ് സർക്കാരുകളെ താഴെയിറക്കാനുള്ള ബി.ജെ.പി ശ്രമവും പാര്‍ട്ടി ചര്‍ച്ച ചെയ്യും.

തെരഞ്ഞെടുപ്പിൽ ഏറ്റ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ഉടൻ പ്രവർത്തക സമിതി യോഗം വിളിച്ചത്. ഇരട്ടി പ്രഹരമെന്നോണം അമേഠിയിൽ പാർട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രമുഖ നേതാക്കളായ ജോതിരാദിത്യ സിന്ധ്യയും ദിഗ് വിജയ് സിങും പരാജയപ്പെട്ടു. ഉത്തരവാദിത്തം ഏറ്റെടുത്ത രാഹുൽ ഗാന്ധി ഇന്നലെ രാജി സന്നദ്ധത അറിയിച്ചിരുന്നു. തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്ന് മുതിർന്ന നേതാക്കൾ നിർദേശിച്ചിട്ടുണ്ട്. രാഹുൽ അധ്യക്ഷനായി തുടരാൻ തീരുമാനിച്ചുള്ള പ്രമേയം പ്രവർത്തക സമിതി പാസാക്കിയേക്കും. പരാജയ കാരണം പരിശോധിക്കാൻ ഒരു സമിതിയും രൂപീകരിക്കും.

രാജസ്ഥാനിലും മധ്യപ്രദേശിലും തേടിയ നിയമസഭ തെരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാതിരുന്നത് നേതൃത്വത്തിനിടയിലെ തർക്കമാണെന്ന വിമർശം ശക്തമാണ്. ഇതും കർണാടക, മധ്യപ്രദേശ് സർക്കാരുകളെ താഴെ ഇറക്കാനുള്ള ബി.ജെ.പി ശ്രമവും ചർച്ചയാകും. ഉത്തർ പ്രദേശ് പി.സി.സി അധ്യക്ഷൻ രാജ് ബബ്ബാറും രാജിക്കത്തയച്ചു. 2014ൽ നിന്നും 8 സീറ്റ് മാത്രം കൂടുതൽ നേടി 52ൽ എത്താനേ കോൺഗ്രസിന് ആയുള്ളൂ. പ്രതിപക്ഷ കക്ഷി, നേതൃ സ്ഥാനങ്ങൾ ഇത്തവണയും ഇല്ല.

You might also like

-