സഖാവ് കോടിയേരി യാത്രയായി….. ജനസാഗരത്തിനൊപ്പം വിങ്ങിപ്പൊട്ടി സഖാവ് പിണറായി
ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണ് പതിവ്. എന്നാൽ ഇത് പെട്ടെന്ന് പരിഹരിക്കാനാവുന്ന വിയോഗമല്ല. പക്ഷെ ഞങ്ങളത് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുക. ഞാൻ നേരത്തെ പറഞ്ഞതുപോലെ....... അവസാനിപ്പിക്കുന്നു,'
കണ്ണൂർ | കോടിയേരി ബാലകൃഷ്ണൻ ഇനി സഖാക്കളുടെ ഓർമ്മയിൽ . പയ്യാമ്പലം കടപ്പുറത്ത് ഇ കെനായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങൾക്കു നടുവിലൊരുക്കിയ ചിതയിൽ കോടിയേരിയെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.ആംബുലൻസിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളാണ് കോടിയേരിയുടെ ഭൗതികശരീരം ചിതയിലേക്കെത്തിച്ചത്. മക്കളായ ബിനോയിയും ബിനീഷും ചേർന്ന് ചിതയ്ക്ക് തീകൊളുത്തി.ഗൺ സല്യൂട്ട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. തുടര്ന്ന് നടന്ന അനുശോചന സമ്മേളനത്തിൽ പ്രസംഗം പൂർത്തിയാക്കാനാകാതെ ഇരിപ്പിടത്തിലേക്ക് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ വിങ്ങിപ്പൊട്ടി.വൈകിട്ട് മൂന്നരയോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽനിന്നു പയ്യാമ്പലത്ത് എത്തിയത്.മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ കാൽനടയായി വിലാപയാത്രയെ അനുഗമിച്ചു. വഴിയിലുടനീളം വൻ ജനാവലിയാണ് ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത്.
കോടിയേരി ബാലകൃഷ്ണന്റെ ശവസംസ്കാര ചടങ്ങിന് ശേഷം നടന്ന അനുശോചന യോഗത്തിൽ പ്രസംഗം പൂർത്തിയാക്കാതെ പാതിയിൽ നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വാക്കുകൾ ഇടറി, വികാര വായ്പോടെയായിരുന്നു പിണറായി പ്രസംഗത്തിലുടനീളം സംസാരിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ കാലം ഒപ്പമുണ്ടായിരുന്ന സഹോദരനെയാണ് മുഖ്യമന്ത്രിക്ക് നഷ്ടമായത്.
‘ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണ് പതിവ്. എന്നാൽ ഇത് പെട്ടെന്ന് പരിഹരിക്കാനാവുന്ന വിയോഗമല്ല. പക്ഷെ ഞങ്ങളത് കൂട്ടായ പ്രവർത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുക. ഞാൻ നേരത്തെ പറഞ്ഞതുപോലെ……. അവസാനിപ്പിക്കുന്നു,’- മുഖ്യമന്ത്രി പ്രസംഗം നിർത്തി. പിന്നീട് ഇരിപ്പിടത്തിലേക്ക് മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മകളിൽ വിതുമ്പിക്കരഞ്ഞു.
പെട്ടെന്നൊരു ദിവസം അദ്ദേഹം ഇല്ലാതാവുന്നുവെന്നത് വലിയ വേദനയാണ് നാടിന്റെ നാനാഭാഗത്തുള്ള ജനങ്ങൾക്കും ഉണ്ടാക്കിയത്. അവരെല്ലാം അദ്ദേഹത്തെ കാണാൻ ഓടിയെത്തി. ആ വികാരവായ്പ് ഞങ്ങളെയെല്ലാം വികാരത്തിലാക്കിയെന്ന് പിണറായി പറഞ്ഞു.
‘ഇങ്ങനെയൊരു യാത്രയയപ്പ് പ്രതീക്ഷിച്ചതല്ല. എങ്ങനെ പറയണമെന്ന് അറിയില്ല. ചില കാര്യങ്ങൾ നമ്മുടെ കൈയ്യിൽ അല്ല. കോടിയേരിയുടെ ചികിത്സ തുടങ്ങിയപ്പോൾ നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ശരീരം അപകടകരമായ നിലയിലേക്ക് പോയിരുന്നു. എല്ലാ ശ്രമങ്ങളും നടത്തി. പരമാവധി ശ്രമിച്ചു. പലയിടത്തായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരുണ്ട്. ചെന്നൈ അപ്പോളോ ആശുപത്രിക്കും ഡോക്ടർമാർക്കും പ്രത്യേകിച്ച് ഡോ പ്രമോദിനും നന്ദി. ‘കോടിയേരിയുടെ വേർപാട് എല്ലാവരെയും വേദനിപ്പിച്ചു. ഈ കനത്ത നഷ്ടത്തിൽ എല്ലാ പാർട്ടികളും പക്ഷം ഇല്ലാതെ പങ്ക് ചേർന്നു. മനുഷ്യനന്മ അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണത്. ഇത് ഈ കാലഘട്ടത്തിൽ ആവശ്യം,’- എന്നും മുഖ്യമന്ത്രി പറഞ്ഞു