കടകള്‍ തുറക്കുന്നതുമായി ബന്ധപെട്ടു വ്യാപാരികളുമായി മുഖ്യമന്ത്രി ചര്‍ച്ച ഇന്ന്

സര്‍ക്കാര്‍ നിലപാട് പ്രതിപക്ഷം ആയുധമാക്കിയതും പെരുന്നാളും പരിഗണിച്ച് വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രിയില്‍നിന്ന് പ്രതീക്ഷിച്ച തരത്തിലുള്ള നടപടിയുണ്ടായില്ലെങ്കില്‍ വ്യാപാരികള്‍ വീണ്ടും സമരത്തിലേക്കു നീങ്ങിയേക്കും

0

കോഴിക്കോട് :സംസ്ഥാനത്തെ കടകള്‍ തുറക്കുന്നതുമായി ബന്ധപെട്ടു വ്യാപാരികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വാരാന്ത്യദിനങ്ങളൊഴിച്ച് മുഴുവന്‍ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല സമീപനമില്ലാത്തതു കാരണം കടകള്‍ തുറന്നു പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്. സര്‍ക്കാര്‍ നിലപാട് പ്രതിപക്ഷം ആയുധമാക്കിയതും പെരുന്നാളും പരിഗണിച്ച് വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രിയില്‍നിന്ന് പ്രതീക്ഷിച്ച തരത്തിലുള്ള നടപടിയുണ്ടായില്ലെങ്കില്‍ വ്യാപാരികള്‍ വീണ്ടും സമരത്തിലേക്കു നീങ്ങിയേക്കും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ അറിയിച്ചിരുന്നത്. സമിതി സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്.

അതിനിടെ, ലോക്ഡൗണിനെതിരായ പ്രതിഷേധങ്ങള്‍ സിപിഎം സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്‌തേക്കും. സിപിഎം ജനപ്രതിനിധികളും പാര്‍ട്ടി അനുകൂല വ്യാപാരി സംഘടനയടക്കം സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രത്യക്ഷ സമരവുമായി രംഗത്തില്ലെങ്കിലും വ്യാപാരികളുടെ ആവശ്യത്തെ ഇവര്‍ പിന്തുണച്ചിട്ടുണ്ട്. വ്യാപാരികളുടെ ആവശ്യം സര്‍ക്കാര്‍ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യണമെന്നാണ് എഎം ആരിഫ് എംപിയും മുന്‍ എംഎല്‍എയും പാര്‍ട്ടി അനുകൂല സംഘടനയായ വ്യാപാരി സമിതിയുടെ നേതാവുമായ വികെസി മമ്മദ് കോയയും ആവശ്യപ്പെട്ടത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രി വ്യാപാരി നേതാക്കളെ വിളിച്ചത്. ആദ്യമായാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തുന്നതും. മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് കലക്ടറും വിളിച്ചുചേര്‍ത്ത ചര്‍ച്ച മാത്രമാണ് ഇതുവരെ വ്യാപാരികളുമായി ഔദ്യോഗികതലത്തില്‍ നടന്നിട്ടുള്ളത്.

You might also like

-