ബാവ കക്ഷി മെത്രാൻ കക്ഷി സഭാതര്‍ക്കം; സുപ്രീംകോടതി വിധി സമവായത്തിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി

സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് പരാതി നല്‍കുമെന്ന് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭയും രംഗത്തെത്തിയിരുന്നു

0

തിരുവനന്തപുരം: മലങ്കര സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റേത് ഒരേ സമീപനം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സമവായത്തിലൂടെ വിധി നടപ്പാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ കോടതി വിധി നടപ്പാക്കാന്‍ വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കട്ടച്ചിറ, വാരിക്കോലി പള്ളികൾ നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. കേരള സര്‍ക്കാര്‍ നിയമത്തിന് മുകളിലാണോ എന്ന് കോടതി ചോദിച്ചു. കോടതി വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിൽ അടയ്ക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്‍കിയിരുന്നു.

സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് പരാതി നല്‍കുമെന്ന് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭയും രംഗത്തെത്തിയിരുന്നു. സഭയ്ക്ക് അനുകൂലമായ വിധി വന്നിട്ടും നടപ്പാക്കിത്തരേണ്ടവര്‍ അത് ചെയ്യുന്നില്ല. പിറവം പള്ളിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യു ടേണ്‍ എടുത്തു. തെര‍ഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്‍ദാനങ്ങളൊന്നും എല്‍ഡിഎഫ് പാലിച്ചില്ല. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ബസേലിയോട് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ആവശ്യപ്പെട്ടിരുന്നു

You might also like

-