കേരളത്തില്‍ മെയ് 28 വരെ അതിശക്തമായ മഴയ്ക്ക്സാധ്യത കേരളം ജാഗ്രതയിൽ

0

കൊച്ചി: കേരളത്തില്‍ മെയ് 28 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഉയര്‍ന്ന തിരമാലകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മെയ് 30 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. 21 സെന്റി മീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 25 മുതല്‍ ശക്തമായ മഴയും മെയ് 26 ന് അതിശക്തമായ മഴയുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പാലിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിക്കാനും അവശ്യ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രിയില്‍ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ നടപടി സ്വീകരിക്കുക. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങരുത്, മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ നിര്‍ത്തരുത്, മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യരുത് തുടങ്ങിയ നടപടികള്‍ സ്വീകരിക്കാനും ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്

You might also like

-