സിഐഎ ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം എന്ന അജ്ഞാത രോഗം

2016 അവസാനത്തിൽ ക്യൂബയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട, ന്യൂറോളജിക്കൽ രോഗം റഷ്യ, ചൈന, ഓസ്ട്രിയ, തുടങ്ങി നിരവധി രാജ്യങ്ങളിലെ അമേരിക്കൻ ചാരന്മാരെയും നയതന്ത്രജ്ഞരെയും ബാധിച്ചു

0

ഡൽഹി : അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ ഡയറക്ടര്‍ വില്യം ബേണ്‍സിനൊപ്പം ഇന്ത്യയിലെത്തിയ സിഐഎ ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം എന്ന അജ്ഞാത രോഗം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. നയതന്ത്ര ഉദ്യോഗസ്​ഥർക്കിടയിൽ കണ്ടെത്തിയ രോഗം കഴിഞ്ഞ അഞ്ച്​ വർഷമായി അമേരിക്കയുടെ ഉറക്കം കെടുത്തുകയാണ്​.കഴിഞ്ഞ മാസം ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്തതോടെ വൈസ് പ്രസിഡന്‍റ്​ കമല ഹാരിസിന്‍റെ വിയറ്റ്​നാം സന്ദർശനം റദ്ദാക്കിയിരുന്നു. ഏറെ നാളായി നടത്തിയ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുമൊന്നും ഇതിനു പിന്നിലുള്ള യഥാര്‍ഥ കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല.

2016 അവസാനത്തിൽ ക്യൂബയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട, ന്യൂറോളജിക്കൽ രോഗം റഷ്യ, ചൈന, ഓസ്ട്രിയ, തുടങ്ങി നിരവധി രാജ്യങ്ങളിലെ അമേരിക്കൻ ചാരന്മാരെയും നയതന്ത്രജ്ഞരെയും ബാധിച്ചു.

രോഗ ലക്ഷണങ്ങള്‍ തുടങ്ങുന്നതിനു മുമ്പ്​ അതിതീവ്രതയിലു​ള്ള ശബ്​ദം ചെവിയിൽ തുളച്ചുകയറുന്നതായി അനുഭവപ്പെ​ട്ടെന്ന്​ ക്യൂബന്‍ എംബസിയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ലക്ഷക്കണക്കിനു ചീവീടുകള്‍ ഒരേസമയം കരയുന്നതു പോലയുള്ള ശബ്ദമായിരുന്നു അത്​. ഒരു വിന്‍ഡോ ഗ്ലാസ് പകുതി തുറന്ന കാറില്‍ അതിവേഗത്തില്‍ പോകുമ്പോള്‍ അനുഭവിക്കുന്നതു പോലെയുള്ള സമ്മര്‍ദവും ഉണ്ടായതായി അവർ സാക്ഷ്യപ്പെടുത്തി.

ഓക്കാനം, കടുത്ത തലവേദന, ക്ഷീണം, തലകറക്കം, ഉറക്കക്കുറവ്, കേൾവിശക്തി കുറവ് എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. അതിനുശേഷമാണ് ഇത് “ഹവാന സിൻഡ്രോം” എന്നറിയപ്പെട്ടത് . റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് അഞ്ച് വർഷമായിട്ടും ഡോക്ടർമാരും ശാസ്ത്രജ്ഞരും ഇതുവരെ ഹവാന സിൻഡ്രോം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. അന്നുമുതൽ വ്യത്യസ്ത സിദ്ധാന്തങ്ങൾ പ്രചരിച്ചിട്ടുണ്ട് . ഇത് മാനസികരോഗമാണെന്നത് മുതൽ ഏതെങ്കിലും തരത്തിലുള്ള സോണിക് ആയുധമാണെന്നത് വരെ ഇതിൽ ഉൾപ്പെടുന്നു.

You might also like

-