വനംവകുപ്പ് കസ്റ്റഡിയിൽ ഇരിക്കെ ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണം: അന്വേഷണം സിബിഐയ്ക്ക് വിടാന്‍ ശുപാര്‍ശ
.ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്
പത്തനംതിട്ട : വനംവകുപ്പ് കസ്റ്റഡിയിൽ ഇരിക്കെ പത്തനംതിട്ട ചിറ്റാറിൽ മരിച്ച മത്തായിയുടെ മരണത്തിൽ അന്വേഷണം സിബിഐക്ക് നൽകാൻ ശുപാർശ. സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് ശുപാർശ അയച്ചു. മത്തായിയുടെ ഭാര്യയുടെ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി.ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
കേസിൽ ജില്ലാ പൊലീസ് മേധാവി ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയെ തുടർന്നാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. അന്വേഷണത്തിന്റെ വിശദാംശങ്ങൾ, ചുമത്തിയിരിക്കുന്ന വകുപ്പുകൾ, മരണ കാരണം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, നിയപോദേശം എന്നിവ അടങ്ങിയ വിശദമായ റിപ്പോർട്ടാണ് ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ തയാറാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും ആരോപണ വിധേയരായ വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ചേർക്കുന്നതും, അറസ്റ്റും അടക്കമുള്ള നടപടികളിലേക്കും അന്വേഷണ സംഘം കടക്കുക. നിയമ പരിരക്ഷയുള്ള സർക്കാർ ഉദ്യോഗസ്ഥരെ കൂടുതൽ തെളിവുകൾ കിട്ടാതെ അറസ്റ്റ് ചെയ്താൽ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർ കോടതി കയറേണ്ടി വരുമന്നാണ് പൊലീസിന്റെ വാദം.എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കള്ളക്കേസ് എടുക്കാൻ ശ്രമം നടക്കുന്നെന്നാരോപിച്ച് കേരള ഉള്ളാട മഹാസഭ രംഗത്തെത്തി.