ചൈനീസ് ചാരബലൂൺ അമേരിക്കൻ വ്യോമസേന വെടിവച്ചുവീഴ്ത്തി
ബലൂണിൽ സെൻസറുകളും നിരീക്ഷണ ഉപകരണങ്ങളും ഉണ്ടെന്നും അതു നിയന്ത്രിക്കാൻ പറ്റുന്നതാണെന്നും പറയുന്നു. ആണവപോർമുനകൾ സൂക്ഷിച്ചിരുന്ന മോണ്ടാന സംസ്ഥാനത്തെ പ്രദേശങ്ങൾക്കു മുകളിലൂടെയും ബലൂൺ സഞ്ചരിച്ചുവെന്നാണ് പെന്റഗണിന്റെ നിലപാട്.
വാഷിങ്ടൺ| യുഎസിനെ ആശങ്കയിലാഴ്ത്തി വ്യോമമേഖലയിൽ കടന്ന ചൈനീസ് ചാരബലൂണിനെ ഒടുക്കം വ്യോമസേന വെടിവച്ചുവീഴ്ത്തി. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചകഴിഞ്ഞ് സൗത്ത് കാരലൈനയിൽ അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിൽവച്ചാണ് വെള്ള ബലൂണിനെ യുഎസ് സേന വെടിവച്ചുവീഴ്ത്തിയത്. അവശിഷ്ടങ്ങളിൽനിന്ന് എല്ലാ ഉപകരണങ്ങളും വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പെന്റഗൺ തുടങ്ങി
ബലൂൺ യുഎസ് വ്യോമമേഖലയിൽ കണ്ടെത്തിയതിനു പിന്നാലെ യുഎസ് – ചൈന നയതന്ത്രതലത്തിലെ പ്രതിസന്ധി ഉടലെടുത്തിരുന്നു. കാലാവസ്ഥാ പഠനത്തിനുള്ള സിവിലിയൻ ബലൂണാണ് ഇതെന്നാണ് ചൈനയുടെ അവകാശവാദം. കാറ്റിന്റെ ഗതിമാറിയതിനെത്തുടർന്ന് നിയന്ത്രണം വിട്ടതാണെന്നും അവർ പറയുന്നു. എന്നാൽ ചൈനയുടെ ചാര ബലൂൺ ആണിതെന്ന വാദമാണ് യുഎസ് ഉയർത്തുന്നത്.
ബലൂണിൽ സെൻസറുകളും നിരീക്ഷണ ഉപകരണങ്ങളും ഉണ്ടെന്നും അതു നിയന്ത്രിക്കാൻ പറ്റുന്നതാണെന്നും പറയുന്നു. ആണവപോർമുനകൾ സൂക്ഷിച്ചിരുന്ന മോണ്ടാന സംസ്ഥാനത്തെ പ്രദേശങ്ങൾക്കു മുകളിലൂടെയും ബലൂൺ സഞ്ചരിച്ചുവെന്നാണ് പെന്റഗണിന്റെ നിലപാട്.
അമേരിക്കയുടെ മുകളിലൂടെ കിഴക്കോട്ട് സഞ്ചരിച്ച, മൂന്നു സ്കൂൾ ബസുകളുടെ വലുപ്പമുള്ള ബലൂൺ ആയിരുന്നു ഇത്. 60,000 അടി മുകളിലൂടെയായിരുന്നു സഞ്ചാരപഥം. ഈ ബലൂണിനെ കുറച്ചു നാളുകളായി പെന്റഗൺ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ജനുവരി 28നാണ് ബലൂൺ അലാസ്കയിൽ പ്രവേശിച്ചത്. 30ന് കാനഡയുടെ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിച്ചു. 31ന് തിരിച്ച് നോർത്തേൺ ഐഡഹോയുടെ മുകളിലെത്തി.
ചൊവ്വാഴ്ച ഇതേക്കുറിച്ചു പ്രസിഡന്റ് ജോ ബൈഡനെ വിവരം അറിയിച്ചുവെന്ന് വൈറ്റ് ഹൗസ് പറഞ്ഞിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഡപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമാനും, വാഷിങ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈനയുടെ മുതിർന്ന ഉദ്യോഗസ്ഥനുമായി സംസാരിച്ചു. വ്യാഴാഴ്ച വൈകിട്ട് മാധ്യമങ്ങളെ കണ്ട പെന്റഗൺ പ്രസ് സെക്രട്ടറി ബ്രിഗേഡിയർ ജനറൽ പാറ്റ് റൈഡർ ബലൂണിൽ ആയുധങ്ങളില്ലെന്നു സ്ഥിരീകരിച്ചു.
എന്നാൽ ആയുധങ്ങൾ ഇല്ലെങ്കിലും രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പിഴവുകളും മറ്റും മനസ്സിലാക്കാൻ ചൈന ഇതു ഉപയോഗിച്ചേക്കാമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ഉപഗ്രഹങ്ങൾക്കു തിരിച്ചറിയാൻ സാധിക്കാത്ത ഇലക്ട്രോ മാഗ്നെറ്റിക് എമിഷൻ തിരിച്ചറിയാൻ ഈ ബലൂണിനു സാധിച്ചേക്കുമെന്നാണ് ഇവരുടെ ആശങ്ക. യുഎസിന്റെ ആയുധ സംവിധാനങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്നതരം താഴ്ന്ന റേഡിയോ ഫ്രീക്വൻസികൾ തിരിച്ചറിയാൻ ഇവയ്ക്കു സാധിച്ചേക്കുമെന്നും പറയപ്പെടുന്നു.
'We successfully took it down': U.S. military fighter aircraft shoots down a suspected Chinese spy balloon off the coast of South Carolina https://t.co/Ys5vDuJbQy pic.twitter.com/e4avYubPTX
— Reuters (@Reuters) February 5, 2023
അതേസമയം യുഎസിലെ മോണ്ടാനയിൽ ചൈനീസ് ചാരബലൂൺ വീണ്ടും കണ്ടെത്തിയതായി അധികൃതർ. ബലൂൺ നിയന്ത്രിത വ്യോമതിർത്തിയിൽ പ്രവേശിച്ചു. സൗത്ത് കരോലിന തീരത്ത് വച്ച് യുഎസ് സൈനിക യുദ്ധവിമാനം ചൈനീസ് ചാര ബലൂൺ വെടിവെച്ചു വീഴ്ത്തി. പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതിനെ തുടർന്ന് ശനിയാഴ്ച്ച ഉച്ചക്ക് ബലൂൺ തകർക്കുകയായിരുന്നു.ഏതാനും ദിവസങ്ങളായി യുഎസിന്റെ വടക്കൻ മേഖലയ്ക്കു മുകളിൽ ദുരൂഹസാഹചര്യത്തിൽ നീങ്ങുന്ന ചൈനീസ് ചാര ബലൂൺ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട യുഎസ് പ്രസിഡന്റ് ബലൂൺ വെടിവച്ചിടുന്നത് ഉൾപ്പെടെയുള്ള സാധ്യതകളെക്കുറിച്ച് പ്രതിരോധ വിഭാഗവുമായി ചർച്ച നടത്തി. ബലൂൺ വെടിവച്ചിട്ടാൽ അവശിഷ്ടങ്ങൾ പതിച്ച് ജീവപായം ഉണ്ടാകാൻ സാധ്യതയുള്ളതായി പ്രതിരോധ വിഭാഗം പ്രസിഡന്റിനെ അറിയിച്ചിരുന്നു.
അതേ സമയം അമേരിക്കൻ വ്യോമാതിർത്തിയിൽ ചൈനയുടെ ചാര ബലൂൺ കണ്ടെത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് ചൈന അധികൃതർ അറിയിച്ചു. പരമാധികാര രാജ്യത്തിന്റെ മേഖലയില്‍ കടന്നുകയറാനോ സ്വാതന്ത്ര്യത്തിൽ കൈകടത്താനോ ആഗ്രഹിക്കുന്നില്ലെന്നും ചൈന വ്യക്തമാക്കി. രാജ്യാന്തര നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് ചൈനയെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ മുൻവിധികളില്ലാതെ വിഷയത്തെ സമീപിക്കണമെന്നും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.