മലയാളി യുവതിയുടെ ശിക്ഷ അമേരിക്കൻ കോടതി മരവിപ്പിച്ചു

സിനിമാത്യുവിനെതിരെ ഫയല്‍ ചെയ്തിരുന്ന 'ചൈല്‍ഡ് എന്‍ഡേയ്ജര്‍മെന്റ്' ചാര്‍ജ്ജ് ഉപേക്ഷിക്കുന്നുവെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്ന് സിനിയെ കുറ്റവിമുക്തയാക്കി ജയില്‍ വിമോചിതയാക്കാന്‍ മാര്‍ച്ച് 1 ന് ഡിസ്ട്രിക്റ്റ് ജഡ്ജി ആംമ്പര്‍ ഗിവണ്‍സ് ഡേവിഡ് ഉത്തരവിട്ടു.

0

ഡാളസ് : വളര്‍ത്തു മകള്‍ ഷെറിന്‍മാത്യു(3)വിനെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തുപോയി എന്നതിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഇല്ലാത്തതിനാല്‍ സിനിമാത്യുവിനെതിരെ ഫയല്‍ ചെയ്തിരുന്ന ‘ചൈല്‍ഡ് എന്‍ഡേയ്ജര്‍മെന്റ്’ ചാര്‍ജ്ജ് ഉപേക്ഷിക്കുന്നുവെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്ന് സിനിയെ കുറ്റവിമുക്തയാക്കി ജയില്‍ വിമോചിതയാക്കാന്‍ മാര്‍ച്ച് 1 ന് ഡിസ്ട്രിക്റ്റ് ജഡ്ജി ആംമ്പര്‍ ഗിവണ്‍സ് ഡേവിഡ് ഉത്തരവിട്ടു.

ഉച്ചക്ക് ശേഷം അറ്റോര്‍ണിമാരുടെ അകമ്പടിയോടെ സിനി ജയിലിനു പുറത്തെത്തി. പതിനഞ്ചു മാസമാണ് ഇവര്‍ ജയിലില്‍ കഴിഞ്ഞത്. ചെറുപുഞ്ചിരിയോടെ പുറത്തിറങ്ങിയ ഇവര്‍ പുറത്തു കാത്തു നിന്നിരുന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. പതിനഞ്ചു മാസത്തെ ജയില്‍വാസം ചാരിറ്റി പ്രവര്‍ത്തനമായി കാണുന്നുവെന്നു, സംഭവത്തില്‍ ഖേദമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല, എന്നുമാണ് സിനി മറുപടി പറഞ്ഞത്.

സ്വന്തം മകളുമായി എത്രയും വേഗം ഒന്നിച്ചു ജീവിക്കണമെന്നും സിനി പറഞ്ഞു. ജയിലില്‍ നിന്നും എങ്ങോട്ടാണ് പോകുന്നതെന്ന് പറയാന്‍ ഇവര്‍ വിസമ്മതിച്ചു. കുറ്റവിമുക്തയാക്കിയ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിനോടും, തന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും സിനി അറിയിച്ചു. വെസ്ലിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞില്ല.

വെസ് ലി മാത്യുവും, സിനി മാത്യുവും തങ്ങളുടെ പാരന്റയ്ല്‍ റൈറ്റ്‌സ്(Parantal Rights) ഉപേക്ഷിച്ചിട്ടുള്ളതിനാല്‍ സ്വന്തം മകളെ വിട്ടു കിട്ടുന്നതിന് വീണ്ടും കോടതിയെ സമീപിക്കേണ്ടിവരും. വെസ് ലി മാത്യുവിനെതിരായ കാപ്പിറ്റല്‍ മര്‍ഡര്‍ കേസ്സ് മെയ്മാസം വിചാരണ ആരംഭിക്കും.സിനിക്കെതിരായ കേസ്സ് ഡിസ്മിസ്സ് ചെയ്തതില്‍ റിച്ചര്‍ഡസണ്‍ പോലീസ് ഒരു പ്രസ്താവനയില്‍ നിരാശ പ്രകടപ്പിച്ചു. ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസുമായി സഹകരിച്ചു നീതി നിര്‍വഹിക്കപ്പെട്ടു എന്ന് ഉറപ്പാക്കുമെന്നും ഇവര്‍ പറഞ്ഞു.

തെളിവുകളുടെ അടിസ്ഥാനത്തില്‍ സിനിക്കെതിരെ കേസ്സെടുക്കുകയും, ഒരു മില്യണ്‍ ഡോളര്‍ ജാമ്യം നല്‍കാനാകാതെ പതിനഞ്ചു മാസം ജയിലില്‍ കഴിയേണ്ടവരികയും, പിന്നീട് തെളിവുകള്‍ ലഭ്യമല്ല എന്നു പറഞ്ഞു വിട്ടയയ്ക്കുകയും ചെയ്ത നീതി ന്യായ വ്യവസ്ഥ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്

You might also like

-