മുഖ്യമന്ത്രി സൈബർ ഗുണ്ടകളുടെ നിലവാരത്തിലാണ് പ്രതികരിക്കുന്നതെന്നു ചെന്നിത്തല
സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുക എന്നുള്ളത് പ്രതിപക്ഷ ധര്‍മമാണെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഭിന്നിപ്പിച്ചു ഭരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം :പ്രതിപക്ഷം വിമർശനങ്ങളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്പോൾ സൈബർ ഗുണ്ടകളുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. കോവിഡ് കാലത്തെ ഓരോ നടപടികളിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്.കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏതുകാര്യത്തിലാണ് പ്രതിപക്ഷം തുരങ്കംവച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞദിവസം കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുക എന്നുള്ളത് പ്രതിപക്ഷ ധര്‍മമാണെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഭിന്നിപ്പിച്ചു ഭരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ആശ്വാസ നടപടികൾ സർക്കാരിന്റേതെന്ന് വരുത്തി തീർക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കോവിഡിൽ രാഷ്ട്രീയം പറയരുതെന്നാണ് പ്രതിപക്ഷത്തിന്റെ താൽപര്യം. എന്നാൽ സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടേണ്ടത് പ്രതിപക്ഷത്തിന്റെ ചുമതലയാണ്. മറുനാടൻ മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ ഒന്നും ചെയ്തിട്ടില്ല. കോൺഗ്രസിനോടും ലീഗിനോടും ആഭിമുഖ്യം പുലർത്തുന്ന പ്രവാസി സംഘടനകളാണ് ആളുകളെ സഹായിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ ഒരു ബസും ട്രെയിനും പോലും സർക്കാർ ഏർപ്പെടുത്തിയില്ല. എല്ലാവരും സ്വന്തം റിസ്കിലാണ് നാട്ടിലെത്തിയത്. കേന്ദ്രത്തോട് സംസ്ഥാനം ഒരു ട്രെയിൻ പോലും ആവശ്യപ്പെട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അഴിമതിക്കുള്ള സുവർണാവസരമായി കോവിഡ് കാലത്തെ മുഖ്യമന്ത്രി കണ്ടു. മഹാമാരിക്കിടെ പത്തുചക്രം ഉണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എത് പ്രവർത്തനത്തിലാണ് പ്രതിപക്ഷം തുരങ്കം വച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രളയ ഫണ്ട് കൈയിട്ടു വാരിയത് ആരാണന്ന് മുഖ്യമന്ത്രിക്ക് വ്യക്തമായി അറിയാം. അവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. അഴിമതിയുണ്ടായാൽ കോവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ പ്രതിപക്ഷം അത് ഉയർത്തിക്കാട്ടേണ്ടെന്നാണോ മുഖ്യമന്ത്രിയുടെ നിലപാടെന്നും ചെന്നിത്തല ചോദിച്ചു. സിപിഎം പ്രഖ്യാപിത നയങ്ങളെ അട്ടിമറിച്ച് അമേരിക്കൻ കന്പനിയായ സ്പ്രിംഗ്ളറുമായി മുഖ്യമന്ത്രി ഇടപാട് നടത്തിയത് പ്രതിപക്ഷം ഉയർത്തിക്കാട്ടിയപ്പോൾ പ്രതിപക്ഷത്തോട് മുഖ്യമന്ത്രിക്ക് അമർഷമായി. സ്പ്രീംഗ്ളർ അടക്കമുള്ള വിഷയങ്ങൾ എല്ലാം കോടതിയിലുണ്ടെന്ന് മുഖ്യമന്ത്രി ഓർക്കണം. പ്രതിപക്ഷം ഉന്നയിച്ച ഒരു ആരോപണവും പൊട്ടിപ്പോയിട്ടില്ല. പന്പയിലെ മണൽക്കടത്ത് പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷമാണെന്നും ചെന്നിത്തല പറഞ്ഞു. ബഡായി പറഞ്ഞ മുഖ്യമന്ത്രിയുടെ പല പ്രഖ്യാപനങ്ങളും ആവിയായി. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകൾ വളരെ കുറവാണെന്നും ചെന്നിത്തല ആരോപിച്ചു. കിഴക്കൻ ലഡാക്കിലെ അതിർത്തിയിലെ ചൈനീസ് പ്രകോപനത്തെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല. ഇപ്പോഴും ചങ്കിലെ ചൈന തന്നെയാണോ എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യുഡിഎഫ് പ്രവർത്തകർ സജീവമാകും. പ്രോട്ടോക്കോൾ പാലിച്ച് മുന്നോട്ടു പോകണമെന്നാണ് പ്രവർത്തകർക്ക് നിർദേശം നൽകിയിരിക്കുന്നത്. കഷ്ടത അനുഭവിക്കുന്നവരെ വാർഡ് തലത്തിൽ സഹായിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
വിവാദ പ്രസ്താവനയിൽ മുല്ലപ്പള്ളി തന്നെ വിശദീകരണം നൽകിയതാണ്. അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് അപമാനിക്കാനും ആക്ഷേപിക്കാനും കേരളത്തിലെ കോൺഗ്രസുകാർ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയടുത്തോളം മോശം പദപ്രയോഗം ഇവിടെ വേറെയാരും നടത്തിയിട്ടില്ല. ഇതിലൊന്നും അദ്ദേഹം ഇതുവരെ ക്ഷമ പറയാൻ തയാറായിട്ടില്ല. ടി.പി. ചന്ദ്രശേഖരനെ സിപിഎം 51 വെട്ടിന് കൊലപ്പെടുത്തിയിട്ട് കുലംകുത്തി എന്നു വിളിച്ചതിൽ എന്ത് മാന്യതയാണ് ഉള്ളത്. എൻ.കെ. പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ചതിന് സിപിഎമ്മിന് കൊല്ലത്ത് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലെ മന്ത്രിമാർ സ്ത്രീകളെ പൂതനയെന്ന് വിളിച്ചപ്പോൾ നിങ്ങളുടെ മൗനം കേരളം കണ്ടതാണ്. സ്ത്രീകളെക്കുറിച്ചുള്ള നിങ്ങളുടെ മന്ത്രിമാരുടെ പദസമ്പത്തുകൾ കേരളം ധാരാളം കേട്ടിട്ടുള്ളതാണ്. അപ്പോഴൊന്നും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.