പ്രളയകെടുതി കേരളവും കേന്ദ്രവും ചേര്‍ന്ന് നേരിടും;മന്ത്രി കിരണ്‍ റിജ്ജു

0

കൊച്ചി:കാലവര്‍ഷക്കെടുതിയെ കേരളവും കേന്ദ്രവും ഒരുമിച്ച്‌ ചേര്‍ന്ന് നേരിടുമെന്നും പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. 80 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കി കഴിഞ്ഞു. കേരളം മുന്നോട്ട് വെക്കുന്ന കാര്യവും പരിഗണിക്കാനാവുമോയെന്ന് നോക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കാലവര്‍ഷക്കെടുതി സംഭവിച്ച ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ല സന്ദര്‍ശിക്കാനെത്തിയ മന്ത്രി കിരണ്‍ റിജ്ജു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

നിലവിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാന പ്രതിനിധികള്‍ ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ കേന്ദ്രസംഘത്തോട് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ജനസാന്ദ്രതക്ക് ആനുപാതികമായ നഷ്ടപരിഹാരമാണ് വേണ്ടത്. ഇപ്പോൾ വീട് നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാര തുകയായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത് 95000 രൂപയാണ്. എന്നാല്‍ അടുത്തകാലത്തൊന്നും സംഭവിക്കാത്ത അത്ര വ്യാപ്തിയിലുള്ള ദുരിതമാണ് കാലവര്‍ഷക്കെടുതി ആലുപ്പുഴയിലടക്കമുള്ള ജനങ്ങള്‍ക്ക് സമ്മാനിച്ചത്. അതുകൊണ്ട് വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയെങ്കിലും നല്‍കണമെന്ന് കേരളം ആവശ്യപ്പെടും.

രാവിലെ കൊച്ചിയിലെത്തിയ മന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ആലപ്പുഴയിലെത്തുക. പ്രധാന ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം വിവിധയിടങ്ങളിലെത്തി കാര്യങ്ങള്‍ വിലയിരുത്തും.
കിരണ്‍ റിജ്ജുവിനൊപ്പം കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം കെ ആര്‍ ജയിന്‍, ചീഫ് സെക്രട്ടറി ടോംജോസ്, ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍ ജിന്‍ഡാല്‍ എന്നിവരും ഒപ്പമുണ്ട്. മന്ത്രിമാരായ ജി സുധാകരന്‍, വി എസ് സുനില്‍കുമാര്‍ എന്നിവരും സംഘത്തെ അനുഗമിക്കും.

You might also like

-