പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് സിബിഐ അന്വേഷിക്കണം: ഹൈക്കോടതിയിൽ ഹർജി
സംസ്ഥാന ഏജൻസി അന്വേഷിച്ചാൽ കേസ് തെളിയില്ലെന്നും അതിനാൽ കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
കൊച്ചി: പിഎസ്‍സി പരീക്ഷാ തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഒരു സംഘം ഉദ്യോഗാർത്ഥികൾ ഹർജി നൽകി. സംസ്ഥാന ഏജൻസി അന്വേഷിച്ചാൽ കേസ് തെളിയില്ലെന്നും അതിനാൽ കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിലെ മുൻ എസ്എഫ്ഐ നേതാക്കൾ അടക്കമുള്ളവർ പ്രതികളായ പൊലീസ് കോണ്‍സ്റ്റബിൾ ബറ്റാലിയനിലേക്കു നടന്ന പരീക്ഷയിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
കൊല്ലം, മലപ്പുറം സ്വദേശികളാണ് ഹർജിക്കാർ. സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ പരീക്ഷാ ക്രമക്കേട് പുറത്തുവരില്ലെന്ന് ഹർജിയിൽ പറയുന്നു. അന്വേഷണം സിബിഐക്ക് വിടുന്നതാണ് അഭികാമ്യം. നിലവിലുള്ള അന്വേഷണം തൃപ്തികരമല്ല. ഇക്കാര്യം പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയതാണെന്ന് ഹർജിക്കാർ പറയുന്നു. കോടതി പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം മറ്റൊരു ഏജന്‍സിക്ക് വിടേണ്ടത് അനിവാര്യമാണെന്നാണ് ഹർജിയിൽ പറയുന്നത്.