നടിയുടെ ആവശ്യം കോടതി തള്ളിവിചാരണയ്ക്കു വനിതാ ജഡ്ജി ഇല്ല
എറണാകുളം ജില്ലയിൽ സെഷൻസ് കോടതിയിലോ അഡീഷണൽ സെഷൻസ് കോടതിയിലോ വനിതാ ജഡ്ജിമാർ ഇല്ലാത്ത സാഹചര്യത്തിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. പ്രത്യേക കോടതി അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസിൽ വിചാരണ നടത്താൻ വനിതാ ജഡ്ജിയെ വേണമെന്ന ആക്രമണത്തിനിരയായ നടിയുടെ ആവശ്യം കോടതി തള്ളി. എറണാകുളം ജില്ലയിൽ സെഷൻസ് കോടതിയിലോ അഡീഷണൽ സെഷൻസ് കോടതിയിലോ വനിതാ ജഡ്ജിമാർ ഇല്ലാത്ത സാഹചര്യത്തിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. പ്രത്യേക കോടതി അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
നടൻ ദിലീപ് പ്രതിയായ കേസിൽ, പ്രത്യേക അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യം കോടതി നേരത്തേ ഭാഗികമായി അനുവദിച്ചിരുന്നു. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു മാധ്യമങ്ങളെ തടയണമെന്ന ആവശ്യത്തിൽ, നിയമപരമായി പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനു വിലക്കുള്ളതിനാൽ ഇതിന് പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്നാണു കോടതി അഭിപ്രായപ്പെട്ടത്.
അപകീർത്തിപരമായ ദൃശ്യങ്ങൾ ജഡ്ജിയുടെ സാന്നിധ്യത്തിൽ പരിശോധിക്കാനും കോടതി അനുമതി നൽകി. ദൃശ്യങ്ങൾ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടേയും പബ്ലിക് പ്രോസിക്യൂട്ടറുടേയും സാന്നിധ്യത്തിൽ ജഡ്ജിയുടെ ചേംബറിൽ പ്രതിയുടെ അഭിഭാഷകനു കാണാനാണ് അനുമതി നൽകിയിരിക്കുന്നത്.