കാണാതായ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ നദിയില്‍ നിന്നു കണ്ടെത്തി; അമ്മയ്‌ക്കെതിരെ കേസ്
കുട്ടികളെ വേണ്ട വിധം ശ്രദ്ധിച്ചില്ലെന്നതിന്റെ പേരില്‍ മാതാവിനെതിരെ കേസ്സെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
തുള്‍സ (ഒക്‌ലഹോമ) : വെള്ളിയാഴ്ച മുതല്‍ കാണാതായ കുട്ടികളുടേതെന്നു സംശയിക്കുന്ന രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി തുള്‍സ പോലീസ് ചീഫ് വെന്‍ഡല്‍ ഫ്രാങ്കഌന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൗത്ത് ഈസ്റ്റ് തുള്‍സയില്‍ നിന്നും 40 മൈല്‍ അകലെയുള്ള വെര്‍ഡിഗ്രിസ് നദിയില്‍ നിന്നാണു മൃതദേഹങ്ങള്‍ ലഭിച്ചത്. ഓട്ടോപ്‌സിക്കു ശേഷമേ വിശദവിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മിറക്കിള്‍ ക്രൂക്ക് (3), സഹോദരന്‍ ടോണി ക്രൂക്ക് (2) എന്നിവരെ ഇവര്‍ താമസിച്ചിരുന്ന ഷോര്‍ട്ട് ലൈന്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മേയ് 22 നാണ് കാണാതായത്. മൂന്നു വയസുള്ള കുട്ടിയുടെ ശരീരം മേയ് 26 ചൊവ്വാഴ്ചയും സഹോദരന്‍ ടോണിയുടെ മൃതശരീരം മണിക്കൂറുകള്‍ നീണ്ടു നിന്ന തിരച്ചലിനുശേഷം ബുധനാഴ്ചയും കണ്ടെത്തി.
നദിയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ഓഫ് ഡ്യൂട്ടി ഡെപ്യൂട്ടിയാണ് ചൊവ്വാഴ്ച കുട്ടിയുടെ മൃതദേഹം ആദ്യമായി കണ്ടെത്തിയത്. രണ്ടു കുട്ടികളേയും അവസാനമായി കാണുന്നത് അമ്മ വില്ലിന്റെ കൂടെ കണ്‍വീനിയന്‍സ് സ്റ്റോറില്‍ നിന്നും പുറത്തു വരുന്നതായിട്ടാണ്. വെള്ളിയാഴ്ച രാവിലെ 8.30 നോടടുത്താണ് ഇവരെ മൂന്നു പേരേയും ക്യാമറയില്‍ കാണുന്നത്.
പിന്നീട് കുട്ടികള്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു രാവിലെ 10.15 ന് തനിയെ പുറത്തു വരുന്നതും തുടര്‍ന്ന് മിംഗൊ ക്രീക്കിനു സമീപം കളിക്കുന്ന ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കുട്ടികളെ കണ്ടെത്തുന്നതിനാവശ്യമായ വിവരങ്ങള്‍ മാതാവില്‍ നിന്നും ലഭിച്ചില്ലെന്നു പോലീസ് ഓഫിസര്‍ പറഞ്ഞു. കുട്ടികളെ വേണ്ട വിധം ശ്രദ്ധിച്ചില്ലെന്നതിന്റെ പേരില്‍ മാതാവിനെതിരെ കേസ്സെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.