യുഎസ് കാനഡ അതിര്‍ത്തി തുറക്കുന്നതു ഒരു മാസത്തേക്ക് നീട്ടി
യുഎസും കാനഡയും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് ട്രുഡോ പറഞ്ഞു.
വാഷിങ്ടന്‍ : യുഎസ് കാനഡ അതിര്‍ത്തി അടച്ചിടുന്നത് ഒരു മാസത്തേക്കു കൂടി നീട്ടിയതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡൊ ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യുഎസും കാനഡയും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് ട്രുഡോ പറഞ്ഞു.
അത്യാവശ്യ സര്‍വീസ് ഒഴികെ സാധാരണ സര്‍വീസുകള്‍ ജൂണ്‍ 21ന് പുനരാരംഭിക്കുകയുള്ളൂ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകത്തു നടക്കുന്ന സംഭവ വികാസങ്ങള്‍ സശ്രദ്ധം വീക്ഷിച്ചു വരികയാണെന്നും ഇനി അടുത്ത ഘട്ടം എന്താകുമെന്നു പറയാനാകില്ലെന്നും ഒട്ടാവോയില്‍ നടത്തിയ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി അറിയിച്ചു.
അത്യാവശ്യ സര്‍വീസിനു മാത്രമാണ് അതിര്‍ത്തി തുറന്നു കൊടുക്കുകയെങ്കിലും ക്വാറന്റീനില്‍, മെഡിക്കല്‍ ചെക്കപ്പ് തുടങ്ങിയ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 ഇനിയും രാജ്യത്ത് വ്യാപിക്കാതിരിക്കുന്നതിന് ശക്തമായ മുന്‍ കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്. കാനഡ സ്വീകരിച്ച നടപടിയെ യുഎസ് അഡ്മിനിസ്‌ട്രേഷനും അഭിനന്ദിച്ചു. കാനഡയുമായി സഹകരിച്ചു കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
രാജ്യാന്തര യാത്രക്കാരെ കാനഡ തടയുമെന്നും കാനഡയിലേക്ക് വരുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് 2 ആഴ്ച ക്വാറന്റീനില്‍ പോകേണ്ടി വരുമെന്ന് കാനഡ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫിസര്‍ ഡോ. തെരേസ്സ ടാം പറഞ്ഞു. കാനഡയില്‍ ഇതുവരെ 79,411 കൊറോണ വൈറസ് പോസിറ്റിവ് കേസ്സുകളും 5960 മരണവും സംഭവിച്ചതായി ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട ഡാറ്റായില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.