നവകേരള നിർമിതി 3500 കോടി രൂപ ലോകബാങ്ക് വായ്പയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം.

പുറമ്പോക്കിൽ താമസിക്കുന്ന പ്രളയബാധിത കുടുംബങ്ങൾക്ക് അവരുടെ തൊട്ടടുത്ത ബ്ലോക്കിൽ മൂന്ന് മുതൽ അഞ്ച് സെന്‍റ് വരെ ഭൂമി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ വീട് വയ്ക്കാനായി കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വരെ നൽകും. സർക്കാർ വക ഭൂമിയില്ലെങ്കിൽ പുതിയ ഭൂമി വാങ്ങാൻ പരമാവധി ആറ് ലക്ഷം രൂപ നൽകും

0

തിരുവനന്തപുരം: പ്രളയന്തര നവകേരള നിർമിതിയ്ക്കായി ലോകബാങ്ക് വായ്പയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. 3500 കോടി രൂപയാണ് വായ്പയുടെ ആദ്യഗഡുവായി സ്വീകരിക്കുന്നത്. 70ഃ30 അനുപാതത്തിലാണ് വായ്പയെടുക്കുക. 1500 കോടി രൂപ സർക്കാർ സമാഹരിച്ച് നൽകും. അങ്ങനെ ആകെ 5000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ വർഷം ജൂൺ മാസത്തോടെ വായ്പ ലഭ്യമാക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വായ്പ ലഭ്യമാക്കാൻ മുന്നോടിയായി സ്വീകരിക്കേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

കേരളത്തിന്‍റെ ബൃഹത്തായ പുനർനിർമാണത്തിനായി റീബിൽഡ് കേരള വികസന പദ്ധതി കരട് രേഖ പരിഗണിച്ചു. ഈ രേഖ ഇന്ന് വൈകിട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഈ കരട് രേഖ വിലയിരുത്തും. പ്രവാസി മലയാളികളുടെയും കേരളത്തിനകത്തും പുറത്തും താമസിക്കുന്ന വിദഗ്ധരുടെയും ടെക്കികളുടെയും പൗരൻമാരുടെയും നിർദേശങ്ങളടങ്ങിയതാണ് കരട് രേഖ. പുറമ്പോക്കിൽ താമസിക്കുന്ന പ്രളയബാധിത കുടുംബങ്ങൾക്ക് അവരുടെ തൊട്ടടുത്ത ബ്ലോക്കിൽ മൂന്ന് മുതൽ അഞ്ച് സെന്‍റ് വരെ ഭൂമി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ വീട് വയ്ക്കാനായി കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വരെ നൽകും. സർക്കാർ വക ഭൂമിയില്ലെങ്കിൽ പുതിയ ഭൂമി വാങ്ങാൻ പരമാവധി ആറ് ലക്ഷം രൂപ നൽകും. ഈ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വഹിക്കാനും തീരുമാനമായി.

മന്ത്രിസഭായോഗ തീരുമാനങ്ങളുടെ പൂർണ്ണരൂപം

കാലവര്‍ഷക്കെടുതിയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും നോട്ട് നിരോധനം പോലുള്ള നടപടികള്‍ കമ്പോളത്തിലുണ്ടാക്കിയ പ്രതിസന്ധിയും ജി.എസ്.ടി നടപ്പാക്കിയതുമെല്ലാം കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.  ഇത് ഉള്‍ക്കൊണ്ട് ഇടപെടുന്ന സമീപനം ദേശീയാടിസ്ഥാനത്തില്‍ സ്വീകരിക്കാത്തതുകൊണ്ട് രാജ്യവ്യാപകമായിത്തന്നെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരികയാണ്.
ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. നേരത്തെ തന്നെ കര്‍ഷകരുടെ കടങ്ങള്‍ക്ക് പലിശ ഇളവ് ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍, കൃഷിക്കാരെ സഹായിക്കാന്‍ ഫലപ്രദമായ നടപടികളാണ് വേണ്ടത്. കര്‍ഷകരുടെ പ്രയാസം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇടുക്കി, വയനാട് ജില്ലകള്‍ക്കും കുട്ടനാടിനും വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ഇടപെടലും ഇതിന്‍റെ ഭാഗമാണ്. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് അടിയന്തരമായ ചില തീരുമാനങ്ങള്‍ മന്ത്രിസഭാ യോഗം എടുത്തിട്ടുണ്ട്.
1.    പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക വായ്പകളിേډലുള്ള ജപ്തിനടപടികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. ഇത് കര്‍ഷകര്‍ എടുത്തിട്ടുള്ള എല്ലാ വായ്പകള്‍ക്കും 2019 ഡിസംബര്‍ 31 വരെ ബാധകമായിരിക്കും.
2.    കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ മുഖേന നിലവില്‍ വയനാട് ജില്ലയില്‍ 2014 മാര്‍ച്ച് 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കും മറ്റ് ജില്ലകളില്‍ 2011 ഒക്ടോബര്‍ 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്. പ്രസ്തുത തീയതി ഇടുക്കി, വയനാട് ജില്ലകളിലെ കൃഷിക്കാരുടെ 2018 ആഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ചു. മറ്റു ജില്ലകളില്‍ 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്കാവും ഈ ആനുകൂല്യം ബാധകമാവുക.
3.    കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ 50,000 രൂപയ്ക്കു മേലുള്ള കുടിശ്ശികയ്ക്ക് നല്‍കുന്ന ആനുകൂല്യം ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ടുലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.
4.    ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ 9 ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷം വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.
5.    കാര്‍ഷിക കടാശ്വാസ കമ്മീഷന്‍റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്താമോ എന്ന കാര്യം പരിശോധിക്കാന്‍ കൃഷി-ആസൂത്രണ വകുപ്പുകളെ ചുമതലപ്പെടുത്താന്‍ തീരുമനിച്ചു.
6.    പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് 85 കോടി രൂപ ഉടനെ അനുവദിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 54 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കും.
7.    വിളനാശം മൂലമുള്ള നഷ്ടത്തിന് 2015 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നല്‍കുന്ന ധനസഹായം കുരുമുളക്, കമുക്, ഏലം, കാപ്പി, കൊക്കോ, ജാതി, ഗ്രാമ്പു എന്നീ വിളകള്‍ക്ക് നിലവിലുള്ള തുകയുടെ  100 ശതമാനം വര്‍ദ്ധന അനുവദിക്കാന്‍ തീരുമാനിച്ചു. ഈ ധനസഹായം ഇക്കഴിഞ്ഞ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കും നല്‍കും.
*കെ.എ.എസ്*
കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് രൂപീകരിക്കുക എന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കുന്ന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ പുതിയ സംവിധാനത്തിന്‍റെ രൂപീകരണവുമായി ബന്ധപ്പെട്ട് സംവരണ കാര്യത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ പല സംഘടനകളുടെയും ഭാഗത്തുനിന്ന് ഉയര്‍ന്നുവന്നിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ നേരത്തെ പ്രഖ്യാപിക്കാത്ത രണ്ട് സ്ട്രീമുകളില്‍ കൂടി സംവരണം നടപ്പിലാക്കാനുള്ള സാധ്യത ആരാഞ്ഞ് വീണ്ടും നിയമോപദേശം തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിജ്ഞാപനത്തില്‍ ചില ഭേദഗതികള്‍ വരുത്തിക്കൊണ്ട് ഈ രണ്ട് സ്ട്രീമുകളില്‍ കൂടി സംവരണം ബാധമാക്കാമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ വിശേഷാല്‍ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മുന്നോക്ക സമുദായത്തിലെ സംവരണം
എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ നേരത്തെ തന്നെ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഇടപെടല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വ്യവസ്ഥകള്‍ തയ്യാറാക്കാമെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ വിജ്ഞാപനത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ സവിശേഷതകള്‍ കൂടി പരിഗണിച്ച് മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കുതന്നെ സംവരണം ഉറപ്പുവരുത്തുന്ന തരത്തില്‍ വ്യവസ്ഥകള്‍ ക്രമീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സാമ്പത്തികമായ പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് ഒരു കമ്മീഷനെ ഈ മന്ത്രിസഭാ യോഗം നിശ്ചയിച്ചു. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് ലഭ്യമാക്കി ദ്രുതഗതിയില്‍ ഇത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് റിട്ട. ജില്ലാ ജഡ്ജി കെ. ശശിധരന്‍നായരെയും അഡ്വ. കെ. രാജഗോപാലന്‍ നായരെയും കമ്മീഷനായി നിയോഗിക്കാന്‍ തീരുമാനിച്ചു.
*മുന്നോക്ക കമ്മീഷന്‍*
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള കമ്മീഷന്‍റെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ അത് പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. റിട്ട. ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ ചെയര്‍മാനായുള്ള മൂന്നംഗ കമ്മീഷനെയാണ് നിയമിക്കുന്നത്.
*റീബില്‍ഡ് കേരള*
കേരളം നേരിട്ട ഏറ്റവും വലിയ പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വിശദമായ പഠനം യു.എന്‍ ഏജന്‍സികളും ലോക ബാങ്കും ചേര്‍ന്ന് നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ കേരള നിര്‍മ്മിതിക്ക് ഏകദേശം 32,000 കോടി രൂപ ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു.
ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്ന പുനര്‍നിര്‍മ്മാണ സംവിധാനത്തിന് രൂപം നല്‍കുകയുണ്ടായി. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകബാങ്കിന്‍റെ ആദ്യ വികസന വായ്പയായി ഏകദേശം 3500 കോടി രൂപ ലഭ്യമാക്കാനുള്ള നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. 70:30 അനുപാതത്തിലാകും വായ്പ ലഭ്യമാക്കുക. ലോകബാങ്ക് 3500 കോടി രൂപ ലഭ്യമാക്കുമ്പോള്‍ പദ്ധതി പ്രവര്‍ത്തനത്തിനായി ആകെ 5000 കോടിയിലധികം രൂപ കേരളത്തിന് ഉപയോഗിക്കാനാകും. ഈ വര്‍ഷം ജൂണ്‍, ജൂലൈ മാസത്തോടെ വായ്പ ലഭിക്കുന്നതിനാവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇതിനു പുറമെ, ബൃഹത്തായ പുനര്‍നിര്‍മ്മാണത്തിനായി ദുരന്തനിവാരണം, പരിസ്ഥിതി, സ്ഥാപന ശാക്തീകരണം, വിവര സമുച്ചയങ്ങളുടെ ഉപയോഗം എന്നീ നാലു തലങ്ങളും ജലവിഭവം, ജലവിതരണം, സാനിറ്റേഷന്‍, നഗരമേഖല, റോഡുകളും പാലങ്ങളും, ഗതാഗതം, വനം, കൃഷിയും അനുബന്ധ മേഖലകളും, മത്സ്യബന്ധനം, ഉപജീവനം, ഭൂവിനിയോഗം എന്നീ 11 മേഖലകളും ഉള്‍പ്പെടുന്ന റീബില്‍ഡ് കേരള വികസന പദ്ധതിയുടെ കരട് രേഖ മന്ത്രിസഭ പരിഗണിച്ചു.
ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി ഈ രേഖ ഇന്ന് വൈകുന്നേരം വിലയിരുത്തും. പൊതുജനങ്ങളുടെയും വിദേശ മലയാളികളുടെയും പ്രൊഫഷണലുകളുടെയും ആര്‍.കെ.ഐ ഉപദേശകസമിതിയുടെയും അഭിപ്രായനിര്‍ദ്ദേശങ്ങള്‍ കൂടി ശേഖരിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും അംഗീകാരങ്ങള്‍ നല്‍കാനും ചീഫ് സെക്രട്ടറിയെയും ആര്‍.കെ.ഐ സി.ഇ.ഒയെയും മന്ത്രിസഭ ചുമതലപ്പെടുത്തി.
വായ്പ ലഭ്യമാക്കുന്നതിനു മുന്നോടിയായി അംഗീകരിക്കേണ്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കുകയും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അതത് വകുപ്പുകളെ ചുമതലപ്പെടുത്തുകയും ചെയ്തു.
*പുറമ്പോക്കില്‍ താമസിക്കുന്ന വീട് നഷ്ടപ്പെട്ട പ്രളയബാധിതര്‍ക്ക് പുനരധിവാസ സഹായം*
പുറമ്പോക്കില്‍ താമസിക്കുന്ന പ്രളയബാധിത കുടുംബങ്ങള്‍ക്ക് അവര്‍ താമസിക്കുന്ന വികസന ബ്ലോക്കില്‍ തന്നെ സര്‍ക്കാര്‍ ഭൂമി ലഭ്യമാണെങ്കില്‍ ചുരുങ്ങിയത് മൂന്ന് സെന്‍റോ പരമാവധി 5 സെന്‍റോ പതിച്ചു നല്‍കാന്‍ തീരുമനിച്ചു. ഇവിടെ പുതിയ വീട് നിര്‍മ്മിക്കാന്‍ നാലുലക്ഷം രൂപ അനുവദിക്കും.
സര്‍ക്കാര്‍ വക ഭൂമി ലഭ്യമല്ലെങ്കില്‍ ചുരുങ്ങിയത് മൂന്നു സെന്‍റ് ഭൂമി വാങ്ങുന്നതിന് പരമാവധി ആറുലക്ഷം രൂപയും നല്‍കുന്നതാണ്. ഇത്തരത്തില്‍ വാങ്ങിയ സ്ഥലത്ത് വീട് നിര്‍മ്മിക്കാന്‍ പരമാവധി നാലു ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. ഇതിന് വേണ്ടിവരുന്ന ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വഹിക്കും.
ഓഖി ദുരന്ത ബാധിതരായ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയുടെ നിലവാരം ഉയര്‍ത്തുന്നതിനും തൊഴില്‍ പുനഃസ്ഥാപനത്തിനുമായി 120 എഫ്.ആര്‍.പി ബോട്ടുകള്‍ വാങ്ങുന്നതിന് 7.94 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഓഖി ഫണ്ടില്‍നിന്ന് ലഭ്യമാക്കാന്‍ തീരുമാനിച്ചു.
വിഴിഞ്ഞം തുറമുഖപ്രദേശത്ത് ഓഖി ദുരന്ത ബാധിതരായ മത്സ്യത്തൊഴിലാളി വിഭാഗത്തിന്‍റെ ജീവിതസാഹചര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി നാലുകോടി രൂപ അടങ്കല്‍ വരുന്ന ഒരു ആധുനിക സമുദ്ര ഭക്ഷ്യസംസ്കരണ യൂണിറ്റും വിപണന ഔട്ട്ലെറ്റും ആരംഭിക്കുന്നതിനും ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ലഭ്യമാക്കാനും തീരുമാനിച്ചു.
ജിയോളജിസ്റ്റും കൃഷി ഓഫീസറും വില്ലേജ് ഓഫീസറും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി കൃഷിയോഗ്യമല്ലെന്നും ഖനനത്തിന് യോഗ്യമാണെന്നും സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്ന മുറയ്ക്ക് ജില്ലാ കളക്ടറുടെ എന്‍.ഒ.സി യുടെ അടിസ്ഥാനത്തില്‍ അവിടെ ഖനനാനുമതി നല്‍കാവുന്നതാണ്. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ ഖനനാനുമതി നല്‍കിയിട്ടുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് ഖനനം ചെയ്യുന്നതിന് ഈടാക്കുന്ന സീനിയറേജ് ബാധകമാക്കാനും തീരുമാനിച്ചു.
2017-ല്‍ സൃഷ്ടിച്ച 400 പോലീസ് കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികയില്‍ നിന്നും 57 തസ്തികകള്‍ മാറ്റി, 38 തസ്തികകള്‍ ഹെഡ്കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) തസ്തികയായും 19 തസ്തികകള്‍ എ.എസ്.ഐ (ഡ്രൈവര്‍) തസ്തികയായും അപ്ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചു.

 

You might also like

-