ഉക്രൈൻ റഷ്യ സംഘർഷം ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾ കൂടി

റഷ്യ ആക്രമണം കനപ്പിക്കുന്നതിനാൽ യുക്രൈൻ തലസ്ഥാനമായ കിയവ്, വടക്കുകിഴക്കൻ നഗരമായ ഖാർകീവ് എന്നിവിടങ്ങളിൽ മരണസംഖ്യ വർധിക്കുകയാണ്

0

ഡൽഹി | യുക്രൈനിൽ യുദ്ധ ഭൂമിയിൽ iകുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾ കൂടി പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലേക്ക് പറക്കുമെന്ന് ഐഎഎഫ്. വിമാനങ്ങൾ ടെന്റുകളും പുതപ്പുകളും മറ്റ് മാനുഷിക സഹായങ്ങളും വഹിച്ചുകൊണ്ട് ഹിൻഡൺ എയർബേസിൽ നിന്ന് ഉടൻ പുറപ്പെടും. ഒരു C-17 ഗ്ലോബ്മാസ്റ്റർ ഇന്ന് പുലർച്ചെ 4 മണിക്ക് ‘ഓപ്പറേഷൻ ഗംഗ’യുടെ കീഴിൽ റൊമാനിയയിലേക്ക് പുറപ്പെട്ടിരുന്നു.

ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ചൊവ്വാഴ്ച ചേർന്ന ഉന്നതതല യോഗം വിളിച്ചിരുന്നു,  യോഗതീരുമാനപ്രകരം ഒഴിപ്പിക്കൽ ശ്രമങ്ങളിൽ പങ്കുചേരാൻ ഇന്ത്യൻ വ്യോമസേനയോട് ആവശ്യപ്പെട്ടിരുന്നു. വ്യോമസേനയുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നത് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കൂടാതെ മാനുഷിക സഹായം കൂടുതൽ കാര്യക്ഷമമായി എത്തിക്കാനും ഇത് സഹായിക്കും.

യുക്രെയ്‌നിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിപറഞ്ഞു . യുക്രെയ്‌നിൽ നിന്നും ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്ന യാത്രയിൽ ഒരു കല്ല് പോലും വീഴാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ റോബർട്ട്‌സ്ഗഞ്ചിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുടെ ഒറ്റക്കെട്ടായ ശക്തിയുടെ ഫലമായാണ് യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നത്. ഓപ്പറേഷൻ ഗംഗയിലൂടെ അനേകം ഇന്ത്യക്കാരാണ് ഇതുവരെ യുക്രെയ്‌നിൽ നിന്നും തിരികെ രാജ്യത്തെത്തിയത്. രക്ഷാദൗത്യത്തിന്റെ ഭാഗമായി നാല് കേന്ദ്രമന്ത്രിമാരെ അവിടേയ്‌ക്ക് അയച്ചിട്ടുണ്ട്’ പ്രധാനമന്ത്രി പറഞ്ഞു.

ഫെബ്രുവരി 24 ന് റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം, സംഘർഷഭരിതമായ യുക്രൈനിൽ നിന്ന് ഒറ്റപ്പെട്ട പൗരന്മാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യാ ഗവൺമെന്റ് ‘ഓപ്പറേഷൻ ഗംഗ’ ആരംഭിച്ചിരുന്നു. ‘ഓപ്പറേഷൻ ഗംഗ’ ദൗത്യത്തിന്റെ ഭാഗമായി ഒറ്റപ്പെട്ട ഇന്ത്യക്കാരെ സൗജന്യമായി തിരികെയെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. 219 ഇന്ത്യൻ പൗരന്മാരുമായി ആദ്യത്തെ പലായന വിമാനം ഫെബ്രുവരി 26 ന് മുംബൈയിൽ ഇറങ്ങി. ഇത്തരത്തിൽ നിരവധി വിമാനങ്ങൾ രാജ്യത്ത് ഇതുവരെ തിരിച്ചെത്തി.

അതേസമയം യുക്രൈനിന്റെ ദക്ഷിണ ഭാഗത്തെ ഖേർസൻ നഗരം കീഴടക്കിയെന്ന് റഷ്യ. പ്രാദേശിക ഭരണകൂടം ഇത് നിഷേധിക്കുന്നുണ്ടെങ്കിലും റഷ്യൻ സൈന്യം നഗരത്തിന് ചുറ്റുമെത്തിയതായി അവർ സമ്മതിക്കുന്നുണ്ട്. അതേസമയം, റഷ്യ ആക്രമണം കനപ്പിക്കുന്നതിനാൽ യുക്രൈൻ തലസ്ഥാനമായ കിയവ്, വടക്കുകിഴക്കൻ നഗരമായ ഖാർകീവ് എന്നിവിടങ്ങളിൽ മരണസംഖ്യ വർധിക്കുകയാണ്.

അമേരിക്കന്‍ ജനത യുക്രെയിനൊപ്പമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡന്‍. അമേരിക്ക യുക്രെയിനില്‍ നേരിട്ട് സൈനിക ഇടപെടല്‍ നടത്തില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി.യുക്രെയിന്‍ ധൈര്യത്തോടെ തിരിച്ചടിക്കുകയാണ്. യുദ്ധക്കളത്തില്‍ പുടിന്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അദ്ദേഹത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ബൈഡന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ റഷ്യന്‍ ആക്രമണത്തെ അപലപിച്ച ബൈഡന്‍ പ്രകോപനമില്ലാതെയാണ് യുക്രെയിന്‍ ആക്രമിക്കപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി.

You might also like

-