എരുമേലി കാണാതായ പെൺകുട്ടിയെന്ന് സംശയം: കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
മൃതദേഹം കത്തിച്ചതാകാനാണ് സാധ്യതയെന്ന് തമിഴ്നാട് പോലീസ് പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്
കോട്ടയം: ചെന്നൈയ്ക്കടുത്ത് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. എരുമേലി, മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്നയുടെ അടയാളങ്ങളുമായി സാമ്യമുണ്ടെന്ന് മനസിലായതോടെ പോലീസ് കാഞ്ചീപുരത്തേക്ക് തിരിച്ചു. മൃതദേഹം ആരുടേതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തമിഴ്നാട് പോലീസ് അറിയിച്ചതനുസരിച്ച് ജസ്നയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് മൃതദേഹം പരിശോധിക്കാൻ പുറപ്പെട്ടിരിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കത്തിച്ചതാകാനാണ് സാധ്യതയെന്ന് തമിഴ്നാട് പോലീസ് പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കത്തിക്കരിഞ്ഞ മൃതദേഹം പെൺകുട്ടിയുടേതാണെന്നും പ്രായം 19-21 പരിധിയിലാണെന്നും പരിശോധനയിൽ വ്യക്തമായി. പല്ലിൽ കന്പിയിട്ടതും ജെസ്നയുമായി സാമ്യതയുണ്ടാക്കിയിട്ടുണ്ട്. ഈ ലക്ഷണങ്ങൾ ഒത്തുവന്നതോടെയാണ് പോലീസ് തമിഴ്നാട്ടിലേക്ക് പോയത്. തമിഴ്നാട്ടിലേക്ക് പോയ പോലീസ് സംഘത്തിൽ നിന്ന് വിവരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.