സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൊവിഡ് 3013 പേർക്ക് സമ്പർക്കത്തിലൂടെ രോഗം,12 മരണം
12 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 41,054 സാമ്പിളുകൾ പരിശോധിച്ചു. 31,156 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.അസാധാരണമായ പ്രശ്നങ്ങൾ കൊവിഡ് സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി. സമാനമായ സാഹചര്യം ലോകത്ത് 1918 ലെ സ്പാനിഷ് ഫ്ലൂ ആയിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 2532 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറയുന്നില്ലെന്നതിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. 313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 89 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 12 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 41,054 സാമ്പിളുകൾ പരിശോധിച്ചു. 31,156 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.അസാധാരണമായ പ്രശ്നങ്ങൾ കൊവിഡ് സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി. സമാനമായ സാഹചര്യം ലോകത്ത് 1918 ലെ സ്പാനിഷ് ഫ്ലൂ ആയിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസർക്കോട് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വെണ്‍മനാട് സ്വദേശി മുഹമ്മദ് അലി ഹാജി (87), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ മലപ്പുറം വളവന്നൂര്‍ സ്വദേശി മാധവന്‍ (63), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ലീല (60), തിരുവനന്തപുരം സ്വദേശി ഹരീന്ദ്രന്‍ (67), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിനി ഷഹുനാതുമ്മ (64), തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി നാരായണ പിള്ള (89), കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍ (69), തൃശൂര്‍ പാമ്പൂര്‍ സ്വദേശി പോള്‍സണ്‍ (53), തൃശൂര്‍ വഴനി സ്വദേശി ചന്ദ്രന്‍നായര്‍ (79), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശി സ്റ്റാന്‍ലി (54), എറണാകുളം കുന്നത്തേരി സ്വദേശി ഇസ്മയില്‍ (55), ആഗസ്റ്റ് 6ന് മരണമടഞ്ഞ പാലക്കാട് അമ്പലപ്പാറ സ്വദേശി ഖാലിദ് (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 466 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 70 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 626, ആലപ്പുഴ 327, മലപ്പുറം 324, കോഴിക്കോട് 256, കൊല്ലം, എറണാകുളം 229 വീതം, കോട്ടയം 189, തൃശൂര്‍ 180, കാസര്‍ഗോഡ് 168, കണ്ണൂര്‍ 165, പാലക്കാട് 132, പത്തനംതിട്ട 99, വയനാട് 62, ഇടുക്കി 27 എന്നിങ്ങനെയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ 31, തിരുവനന്തപുരം 23, മലപ്പുറം 8, എറണാകുളം 7, പത്തനംതിട്ട 6, തൃശൂര്‍ 5, കാസര്‍ഗോഡ് 4, പാലക്കാട് 3, ആലപ്പുഴ, വയനാട് 1 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2532 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 268, കൊല്ലം 151, പത്തനംതിട്ട 122, ആലപ്പുഴ 234, കോട്ടയം 138, ഇടുക്കി 43, എറണാകുളം 209, തൃശൂര്‍ 120, പാലക്കാട് 120, മലപ്പുറം 303, കോഴിക്കോട് 306, വയനാട് 32, കണ്ണൂര്‍ 228, കാസര്‍ഗോഡ് 258 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 31,156 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 82,345 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,08,141 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,85,514 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,627 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2324 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 41,054 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 21,98,858 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,90,612 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ രാജകുമാരി (കണ്ടൈന്‍മെന്റ് സോണ്‍ 10, 12(സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ ആലംകോട് (6, 7), അരീക്കോട് (8, 10), തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി (സബ് വാര്‍ഡ് 4), പുതൂര്‍ (സബ് വാര്‍ഡ് 13, 19), കഴൂര്‍ (8, 9 (സബ് വാര്‍ഡ്), കോട്ടയം ജില്ലയിലെ പനച്ചിക്കാട് (9), പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ (3, 4, 18, 22), കൊല്ലം ജില്ലയിലെ പോരുവഴി (9), വയനാട് ജില്ലയിലെ തൊണ്ടര്‍നാട് (5, 6 (സബ് വാര്‍ഡ്), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 3, 27, 28), പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശേരി (സബ് വാര്‍ഡ് 3, 4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തിരുനാവായ (സബ് വാര്‍ഡ് 17), തൃശൂര്‍ ജില്ലയിലെ ചാലക്കുടി (സബ് വാര്‍ഡ് 32), പഞ്ചാല്‍ (12), ചാഴൂര്‍ (സബ് വാര്‍ഡ് 17), കൊടകര (സബ് വാര്‍ഡ് 2, 14), വള്ളത്തോള്‍ നഗര്‍ (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ കടപ്ലാമറ്റം (8), വെച്ചൂര്‍ (4), പാലക്കാട് ജില്ലയിലെ മുതുതല (8), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (സബ് വാര്‍ഡ് 1) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 617 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ശാസ്ത്രം ബഹുദൂരം പുരോഗമിച്ച സാഹചര്യത്തിൽ മെച്ചപ്പെട്ട രീതിയിൽ രോഗത്തെ ചെറുക്കാൻ സാധിച്ചു. എന്നിട്ടും ഏതാണ്ട് മൂന്ന് കോടി പേർക്ക് രോഗം ബാധിച്ചു. 10 ലക്ഷം പേർ മരിച്ചു. ഇന്ത്യയിൽ 50 ലക്ഷം പേർ ഇതുവരെ രോഗികളായി. 80,000 പേർ മരിച്ചു. സ്പാനിഷ് ഫ്ലൂ പോലെ ഇതും അപ്രത്യക്ഷമായേക്കും. അഞ്ച് കോടി മനുഷ്യരുടെ ജീവനെടുത്ത ചരിത്രം ആവർത്തിക്കാതിരിക്കാൻ ഉത്തരവാദിത്തമുണ്ടെന്ന് മറക്കരുത്. മനുഷ്യ ജീവൻ രക്ഷിക്കാനുള്ള ചരിത്രപരമമായ കടമ സമൂഹമെന്ന നിലയിൽ നിറവേറ്റണം.
ഓരോ ആൾക്കും വലിയ ചുമമതലയാണ് ഉള്ളത്. സംസ്ഥാാനത്ത് പലയിടത്തും ജാഗ്രതക്കുറവ് കാണുന്നുണ്ട്. മഹാമാരിയെ ചെറുക്കാനുള്ള പ്രോട്ടോക്കോൾ പാലിക്കണം. ബ്രേക് ദി ചെയിൻ, മാസ്ക്, അകലം പാലിക്കൽ എല്ലാം ആവർത്തിക്കുന്നത് കൂടുതൽ അപകടം വരുത്താതിരിക്കാനാണ്. രോഗം പകരാതിരിക്കാനാണ്. മാസ്ക് ധരിക്കണമെന്ന് പൊതുധാരണ ഉണ്ട്. എന്നാൽ നിരവധി പേരെ മാസ്ക് ധരിക്കാതെ പിടടിക്കുന്നുണ്ട്. 5901 പേരെ ഇന്ന് ഇങ്ങനെ പിടികൂടി. ഒൻപത് പേർക്കെതിരെ ക്വാറന്റീൻ ലംഘിച്ചതിന് കേസെടുതത്തു. സ്വയം നിയന്ത്രണം പാലിക്കാൻ പലർക്കും മടി. തെറ്റായ പ്രചാരണവും നടക്കുന്നുണ്ട്.
ആശങ്ക തുടരുന്ന സ്ഥിതിയാണ്. രോഗവ്യാപനം അനിയന്ത്രിതമായെന്ന് വലിയ പ്രചാരണം ഉണ്ട്. മുൻകരുതൽ പാലിക്കുന്നതിൽ കാര്യമില്ലെന്നും വരുന്നിടത്ത് കാണാമെന്നും പ്രചാരണം ഉണ്ട്. ഇത് അപകടകരമാണ്. ഇപ്പോൾ രോഗവ്യാപനം വർധിച്ചിട്ടുണ്ട്. പക്ഷെ സമൂഹമെന്ന നിലയിൽ നല്ല നിലയിൽ പ്രതിരോധിക്കാനായിട്ടുണ്ട്.
അതിൽ നിന്ന് വേറിട്ട് നിൽക്കാനാവുന്നുണ്ട്. അത് പാലിച്ച ജാഗ്രതതയുടെ ഫലമായിട്ടാണ്. രോഗവ്യാപനത്തിന് ഇടയായ കാരണത്തിൽ സമ്പർക്കമാണ് പ്രധാനം. ഇതൊഴിവാക്കാനാണ് പ്രോട്ടോക്കോൾ പാലിക്കാൻ പറയുന്നത്. നല്ല രീതിയിൽ പാലിച്ചിട്ടുണ്ട്. എന്നാൽ കൂടിയത് ജാഗ്രതക്കുറവ് സംഭവിച്ചത് കൊണ്ടാണ്.
ഇപ്പോഴും അനിയന്ത്രിതമായ സാഹചര്യത്തിലല്ല. നിയന്ത്രിതമായ സാഹചര്യമാണ്. നേരത്തെ സ്വീകരിച്ച കൊവിഡ് മാനദണ്ഡം പാലിക്കണം. മുൻകരുതൽ പാലിക്കുന്നതിൽ അർത്ഥമില്ലെന്ന നിലപാടിലേക്ക് എത്തിയിട്ടില്ല. അനുഭവം കാണിക്കുന്നത് മുൻകരുതൽ ഗുണകരമായെന്നാണ്. മുൻകരുതൽ പാലിക്കാത്ത സ്ഥലത്ത് വർധനവുണ്ടായെന്നാണ്. മുൻകരുതലിന്റെ പ്രസക്തിയാണിത് കാണിക്കുന്നത്.
സംസ്ഥാനത്ത് രോഗവ്യാപനവും മരണ നിരക്കും പിടിച്ചു നിർത്താനായത് തുടക്കം മുതൽ കാണിച്ച ജാഗ്രതയും ഫലപ്രദമായ പ്രതിരോധവും കാരണമാണ്. കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് അയൽ സംസ്ഥാനങ്ങളിൽ രോഗബാധ ഉണ്ടായത്.
ലോകത്ത് ഇതേവരെ പത്ത് ലക്ഷത്തിൽ 119 എന്ന നിലയിലാണ് മരണം. ഇന്ത്യയിൽ അത് 58. കർണാടകത്തിൽ 120. തമിഴ്നാട്ടിൽ 117. കേരളത്തിലിത് 13 ആണ്. ഇത് കാണിക്കുന്നത് പ്രവർത്തനങ്ങളുടെ മികവാണ്. രോഗവ്യാപന തോത് ചികിത്സാ സംവിധാാനങ്ങൾക്ക് ഉൾക്കൊള്ളാവുന്നതിലും അധികമായാൽ മരണസംഖ്യ കൂടും. അങ്ങനെ സംഭവിക്കില്ലെന്ന് എല്ലാവരും ഉറച്ച തീരുമാനമെടുക്കണം.
വാക്സിൻ വരുന്നത് വരെ മാസ്ക് ധരിക്കണം. മാസ്ക് ധരിക്കുന്നവരിൽ രോഗബാധയുള്ളവർ ഉണ്ടെങ്കിലും തീവ്രത കുറയും. രണ്ടാമതായി നമുക്ക് ചുറ്റും സുരക്ഷാ വലയം തീർക്കണം. കുടുംബാംഗങ്ങളൊഴിച്ച് എല്ലാവരും അതിന് പുറത്തായിരിക്കണം. ഇക്കാര്യത്തിൽ അശ്രദ്ധ പാടില്ല. ജനക്കൂട്ടം ഒഴിവാക്കണം. അടഞ്ഞ് കിടക്കുന്ന സ്ഥലത്ത് ഒരുമിച്ച് ഇരിക്കരുത്.
യൂറോപ്യൻ രാജ്യങ്ങളിലെല്ലാം അടുത്ത ഘട്ട വ്യാപനം ഉടനുണ്ടാകുമെന്നാണ് പറയുന്നത്. കേരളത്തിലെ ആദ്യത്തെ രോഗതരംഗം ഉച്ഛസ്ഥായിയിലെത്താതെ കാത്തു. അത് നഷ്ടപ്പെടാതെ കാത്തു. അതിന് മാസ്ക് ധരിക്കണം, അകലം പാലിക്കണം, ബ്രേക് ദി ചെയിൻ ശക്തമാക്കണം. രോഗം പടരാതിരിക്കാൻ സമൂഹമാകെ പരിശ്രമിക്കുകയാണ്. അതിന് വേണ്ടി ത്യാഗപൂർവം മാസങ്ങളായി ആരോഗ്യ പ്രവർത്തകർ രംഗത്തുണ്ട്.
എന്നിട്ടും രോഗവ്യാപനം വിഷമിപ്പിച്ചുകൊണ്ട് തുടരുകയാണ്. ആ വ്യാപനത്തിന്റെ തോത് വർധിപ്പിക്കാനുള്ള സംഭാവന ആരും ചെയ്യാതിരിക്കുകയാണ് വേണ്ടത്. എന്നാൽ ഈ തോത് വർധിപ്പിക്കാനുള്ള രാഷ്ട്രീയ ഇടപെടൽ വലിയ തോതിൽ ഉണ്ടാകുന്നുണ്ട്. രോഗം പടർത്താനുള്ള വഴികൾ തുറക്കുന്നുണ്ട്. നേരിട്ടുള്ള ശ്രമം നടക്കുന്നു. പരിധികൾ വിട്ടുള്ള നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകുന്നുണ്ട്.
കൊവിഡിന്റെ പ്രത്യേക മാനദണ്ഡം സമൂഹത്തിനാകെ അറിയാവുന്നതാണ്. തലസ്ഥാനത്തടക്കം പ്രതിപക്ഷം കൊവിഡ് പ്രതിരോധത്തെ അട്ടിമറിക്കാൻ ബോധപൂർവം നീക്കം നടത്തി. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരത്തെ സമരമെന്നല്ല വിളിക്കേണ്ടത്. കുറേയാളുകളെ കൂട്ടി അവിടെ വന്നുള്ള പ്രത്യേക സമരാഭാസമാണ് നടനന്നത്. അത് എല്ലാവരും ശ്രദ്ധിച്ചതാണ്. കേരളത്തിന്റെ ദയനീയാവസ്ഥ. കൊവിഡ് വ്യാപനത്തിനിടയാക്കുന്ന പ്രവർത്തനങ്ങൾ. പ്രതിരോധ ഘട്ടത്തിൽ ശ്രദ്ധിക്കേണ്ടത് ആൾക്കൂട്ടം ഒഴിവാക്കാനാണ്.
സമരം ഹൈക്കോടതി വിലക്കിയത് ആൾക്കൂട്ടം ഒഴിവാക്കാനാണ്. ഇപ്പോ മാസ്ക് ധരിക്കാതെ അകലം പാലിക്കാതെ പൊതു സ്ഥലത്ത് ഇടപഴകാൻ ആർക്കും അധികാരമില്ല. പരസ്യമായി ഇതെല്ലാം ലംഘിച്ച് പൊലീസിന് നേരെ ചീറിയടുക്കുന്ന കുറേപ്പേരെയാണ് കാണാനായത്. നാടിന്റെ സുരക്ഷയും സമാധാനവുമാണ് അവർ നശിപ്പിക്കുന്നത്. ഇത് അനുവദിക്കാനാവില്ല.
ജനാധിപത്യ സമൂഹത്തിൽ പ്രക്ഷോഭം ഒഴിവാക്കാനാവില്ല. കൊവിഡ് പ്രതിരോധം അട്ടിമറിക്കാനുള്ള നീക്കം തടയേണ്ടത് സർക്കാരിന്റെ
പ്രാഥമിക ഉത്തരവാദിത്തമാണ്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി പന്താടേണ്ടതല്ല സാധാരണക്കാരന്‍റെ ജീവിതം. അതിൽ ജനപ്രതിനിധികൾ കൂടിയുണ്ടാവുന്നത് നല്ലതല്ല. ഇത് വെച്ചുപൊറിപ്പിക്കാനാവില്ല.
പൊലീസിൽ നല്ലൊരു ഭാഗം കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി. ആരോഗ്യപ്രവർത്തകർക്കൊപ്പം നല്ല പ്രവർത്തനം കാഴ്ചവെച്ചു. അന്വേഷണ മികവ് ആരോഗ്യ പ്രവർത്തകർക്കൊപ്പം നടത്തി. ക്രമസമാധാന നില തകർക്കാനുള്ള നീക്കം തടയാൻ അവർക്ക് ഇടപെടേണ്ടി വന്നു.
ഈ പ്രത്യേക അന്തരീക്ഷം നേരിടുന്നത് സ്വാഭാവിക പ്രശ്നമാണ്. കൊവിഡുമായി ബന്ധപ്പെട്ട ജോലി പൊലീസ് നല്ല രീതിയിൽ നിർവഹിച്ചിരുന്നു. അവർക്ക് ക്രമസമാധാന ചുമതല ശ്രദ്ധിക്കേണ്ടി വന്നു. അവിടെ അവർ തന്നെ വേണം. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സന്നദ്ധതയുള്ള ആളുകളുണ്ടെങ്കിൽ താത്കാലിക പരിശീലനം നൽകി സജ്ജരാക്കാനാവും.
നിലവിൽ പൊലീസ് വളണ്ടിയർമാരുണ്ട്. ധാരാളം സന്നദ്ധ പ്രവർത്തകരെ പൊലീസിന് ആവശ്യം വരും. ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും സ്വയം മുന്നോട്ട് വരണം. ഇവർക്ക് അവരുടെ കഴിവും പരിചയ സമ്പത്തും രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകും. സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ തുടങ്ങിയ പ്രചരിപ്പിക്കുന്ന അടുത്ത പ്രചാരണവും പൊലീസ് തുടങ്ങും.
കേരളത്തിലേക്ക് ഇതുവരെ 105201 പേർ മടങ്ങിവന്നു. 624821 പേർ ആഭ്യന്തര യാത്രികരും 380385 പേർ അന്താരാഷ്ട്ര യാത്രികരുമായിരുന്നു. ആഭ്യന്തര യാത്രികരിൽ ഭൂരിഭാഗവും റെഡ് സോൺ ജില്ലകളിൽ നിന്നാണ് വന്നത്. ഏറ്റവും കൂടുതൽ പേർ കർണാടകത്തിൽ നിന്നാണ് വന്നത്. അന്താരാഷ്ട്ര യാത്രികരിൽ കൂടുതൽ പേർ യുഎഇയിൽ നിന്നാണ്.
മടങ്ങിവരുന്ന പ്രവാസികൾക്ക് നോർക്ക വഴി അയ്യായിരം രൂപ വീതം 78000 പേർക്ക് 39 കോടി വിതരണം ചെയ്തു. പ്രവാസികൾക്ക് നേരെ വാതിൽ കൊട്ടിയടച്ചെന്ന പ്രചാരണം ഉണ്ടായിരുന്നു. അതല്ല സംഭവിച്ചത്. കൊവിഡ് പ്രതിരോധ മാനദണ്ഡം കൃത്യമായി പാലിച്ച് പോകണം. സമരം ജനാധിപത്യ സമൂഹത്തിൽ നിയന്ത്രിക്കുകയെന്ന സമരത്തിന് നേതൃത്വം നൽകുന്നവർ ചെയ്യേണ്ടത്. സർക്കാർ ചെയ്യുന്നത് ആരോഗ്യകരമായിരിക്കില്ല. സർക്കാർ ഏതെങ്കിലും തരത്തിൽ പ്രത്യേക നിയന്ത്രണം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല.
ജലീലിനെതിരെ എന്താക്ഷേപമാണ് ഉള്ളത്? കെടി ജലീൽ ഒരു തെറ്റും ചെയ്തിട്ടില്ല. അക്കാര്യം സമൂഹത്തിന് വ്യക്തതയുണ്ട്. അദ്ദേഹത്തിനെതിരെ ആക്ഷേപം ഉന്നയിച്ച് കേരളത്തിലെ സമാധാനം അട്ടിമറിക്കാനാണ് ശ്രമം. അദ്ദേഹത്തോട് നേരത്തെ വിരോധമുള്ളവരുണ്ട്. അദ്ദേഹത്തോട് സമരസപ്പെടാൻ ബുദ്ധിമുട്ടുള്ളവരും കാണും.
അദ്ദേഹം സ്വീകരിച്ച നിലപാട് എല്ലാവർക്കും അറിയാവുന്നതാണ്. അദ്ദേഹം നേരത്തെ ഉണ്ടായ പ്രസ്ഥാനത്തിൽ നിന്ന് എൽഡിഎഫിലേക്ക് വന്നു. ഇന്നലെ സംഭവിച്ചതല്ല. അതിനോടുള്ള പക ചിലർക്ക് വിട്ടുമാറുന്നില്ല. അതാണ് ആദ്യം കണ്ടത്. അതിന്റെ കൂടെ ചേർന്നവരുടെ ഉദ്ദേശം വ്യക്തമാണ്. നാടിന് ചേരാത്ത രീതിയിൽ കാര്യങ്ങൾ നീക്കുകയാണ്. ബിജെപിക്കും ലീഗിനും ഒരേ രീതിയിൽ കാര്യങ്ങൾ നീക്കാൻ ജലീലിനെ നീക്കുകയാണ്. ജലീൽ തെറ്റ് ചെയ്തത് കൊണ്ടല്ല. ഈ രണ്ട് കൂട്ടർക്കും അവരുടേതായ ഉദ്ദേശമുണ്ട്. അത് നാടിനാകെ ബോധ്യമായി.
രാഷ്ട്രീയ ലക്ഷ്യം എന്നല്ലേ ഇതിനെ പറയുക. രാഷ്ട്രീയ പ്രചാരണം എപ്പോഴും നടത്താം. ഇത് അപവാദ പ്രചാരണമാണ്. അതിന്റെ ഭാഗമായി നാട്ടിൽ പ്രശ്നം ഉണ്ടാക്കുന്നു. ആളുകളെ ഇളക്കി വിട്ടു. സമരക്കാരെ ചിലർ പുലികൾ എന്നാണ് വിശേഷിപ്പിച്ചത്. എന്തിനാണ് ഇവരെ രംഗത്തിറക്കിയത്? ഉദ്ദേശം വ്യക്തമാണ്.