പാലക്കാട് ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട; അതിര്‍ത്തി ചെക്ക് പോസ്റ്റിൽ 66 കിലോ കഞ്ചാവ്പിടികൂടി
ചരക്ക് വാഹനങ്ങളില്‍ സംസ്ഥാനത്തേക്ക് വന്‍തോതില്‍ കഞ്ചാവ് വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പരിശോധന നടത്തിയത്
പാലക്കാട്: പാലക്കാട് ജില്ലയില്‍ വിവിധ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നടത്തിയ പരിശോധനയില്‍ 66 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി.വാളയാര്‍ ,ഗോപാലപുരം, നടുപുണി, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളിലെ മിന്നല്‍ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. ചരക്ക് വാഹനങ്ങളില്‍ സംസ്ഥാനത്തേക്ക് വന്‍തോതില്‍ കഞ്ചാവ് വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. ആന്ധ്രയില്‍ നിന്നും സംസ്ഥാനത്തേക്ക് അരി കൊണ്ടുവരുന്ന ലോറിയില്‍ ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച കഞ്ചാവ് നടുപ്പുണി ചെക്ക് പോസ്റ്റില്‍ വെച്ചാണ് പിടികൂടിയത്. വിപണിയില്‍ ഇതിന് 75 ലക്ഷം രൂപ വിലവരും.
ഇതിനു പുറമെ, അതിര്‍ത്തി കടന്നെത്തിയ കാറില്‍ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു. രണ്ട് കേസിലുമായി 4 പേരെ അറസ്റ്റു ചെയ്തതു. പാലക്കാട് ആലത്തൂര്‍ സ്വദേശി ഹക്കീം, തൃശ്ശൂര്‍ സ്വദേശി ജോസഫ് വില്‍സണ്‍, തമിഴ്‌നാട് നമക്കല്‍ സ്വദേശി ലോകേഷ്, ശിവഗംഗ സ്വദേശി മലൈ ചാമി, എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്നും കഞ്ചാവ് കടത്ത് സംഘത്തിന്റെ ഉറവിടം കണ്ടെത്താനാണ് എക്‌സൈസിന്റെ ശ്രമം.