കെണിയിലാക്കിയത് ഫെയ്‌സ്ബുക്ക് ചാറ്റില്‍;അരിമുതലാളിക്ക് നഷ്ടം 45 ലക്ഷം
ചാലക്കുടി വെറ്റിലപ്പാറ സ്വദേശിനി സീമയാണ് കേസിലെ മുഖ്യപ്രതി. ഇവരുടെ കാമുകനായ ഇടപ്പള്ളി ചേരാനല്ലൂർ സ്വദേശി ഷാഹിൻ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഒരു കോടി രൂപയോളം തട്ടിപ്പു സംഘം കൈക്കലാക്കിയതായാണ് അനൗദ്യോഗികമായ വിവരം
കൊച്ചി ∙ ഫെയ്സ്ബുക്കിൽ ചാറ്റ് ചെയ്തതിന്റെ സ്ക്രീൻഷോട്ടുകൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തിയാണ് പെരുമ്പാവൂർ സ്വദേശിയായ അരി വ്യവസായി നിറപറ ഗ്രൂപ് എം ഡി ബിജു കണ്ണനിൽ നിന്നാണ് പ്രതികൾ 45 ലക്ഷം രൂപ തട്ടിയെടുത്തത്.ചാലക്കുടി വെറ്റിലപ്പാറ സ്വദേശിനി സീമയാണ് കേസിലെ മുഖ്യപ്രതി. ഇവരുടെ കാമുകനായ ഇടപ്പള്ളി ചേരാനല്ലൂർ സ്വദേശി ഷാഹിൻ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഒരു കോടി രൂപയോളം തട്ടിപ്പു സംഘം കൈക്കലാക്കിയതായാണ് അനൗദ്യോഗികമായ വിവരം. ബ്ലാക്മെയിൽ ചെയ്ത് കൂടുതൽ തുക വാങ്ങാൻ ശ്രമിച്ചതോടെയാണ് പൊലീസിൽ പരാതി നൽകാൻ യുവ വ്യവസായി തയാറായത്.
ഫെയ്സ്ബുക്കിൽ തുടങ്ങിയ സൗഹൃമാണ് ഇരുവരും തമ്മിൽ അടുക്കാനും തട്ടിപ്പിനും വഴിയൊരുക്കിയതെന്ന് കേസ് അന്വേഷിക്കുന്ന പെരുമ്പാവൂർ സിഐ പി.എ. ഫൈസൽ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അടുപ്പം സൃഷ്ടിച്ച് സാമ്പത്തിക തട്ടിപ്പു നടത്തുന്നവരുടെ എണ്ണം പെരുകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ മിക്കപ്പോഴും ഇരകൾ പരാതിപ്പെടാൻ മുതിരാത്തത് തട്ടിപ്പുകാർക്കു വളമാകുന്നു. വലിയ തുകകൾ ആവശ്യപ്പെട്ടുള്ള ശല്യം അസഹ്യമാകുമ്പോൾ മാത്രമാണ് പലരും പരാതിപ്പെടുന്നത്. അതിനിടെ പലരിൽനിന്നും പ്രതികൾ ലക്ഷങ്ങൾ കൈക്കലാക്കിയിട്ടുണ്ടാകും.
പെരുമ്പാവൂരിൽ ബ്ലാക്മെയിൽ കേസിൽ പൊലീസ് അറസ്റ്റു ചെയ്ത സീമ പതിവു തട്ടിപ്പുകാരിയാണെന്ന് പൊലീസ് പറയുന്നു. ഇവർക്ക് പല പേരുകളിൽ ഫെയ്സ്ബുക് അക്കൗണ്ടുകളുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ ഇവർക്കെതിരെ നേരത്തെയും കേസുണ്ട്. പട്ടികവർഗക്കാർക്കെതിരെ ആക്രമണം നടത്തിയ കേസിലും എക്സൈസ് കേസിലും വരെ പ്രതിയാണ് ഇവർ. തട്ടിപ്പിനുള്ള സൗകര്യത്തിനായി സീമ കൊച്ചിയിലേക്കു താവളം മാറ്റുകയായിരുന്നത്രേ.
ഇതിനു സഹായിച്ചത് ഇവരോടൊപ്പം അറസ്റ്റിലായ കാമുകൻ ഷാഹിൻ എന്ന ഷാനു ആണെന്നും പൊലീസ് പറയുന്നു. ഇവർക്കൊപ്പം പാലക്കാടു നിന്നുള്ള ഒരു യുവതിയും ഉണ്ടെന്ന് സീമ മൊഴി നൽകിയതായാണു വിവരം. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സീമ പരാതിക്കാരനുമായി നടത്തിയ ചാറ്റിന്റെ വിശദവിവരങ്ങളും ബാങ്ക് വഴി പണം കൈമാറിയതിന്റെ വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. പരാതിക്കാരനെ വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ലിപ്പുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് കേസെടുത്തതും പ്രതികളെ അറസ്റ്റു ചെയ്തതുമെന്ന് സിഐ പറഞ്ഞു.
കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് ബ്ലാക്മെയിൽ സാമ്പത്തിക തട്ടിപ്പുകൾ പെരുകുന്നതായാണ് റിപ്പോർട്ടുകൾ. വാട്സാപ് ഗ്രൂപ്പുകളിലൂടെയും മറ്റും പരിചയപ്പെടുന്നവരുടെ സാമ്പത്തികനില പഠിച്ചശേഷമാണ് അവരെ വലയിലാക്കുന്നതും തട്ടിപ്പിൽ പെടുത്തുന്നതും. സ്ത്രീകളും പുരുഷൻമാരും അടങ്ങുന്നതാണ് മിക്ക തട്ടിപ്പു സംഘങ്ങളും. സ്ത്രീകളെ ഉപയോഗിച്ച് സമ്പന്നരെ ആകർഷിച്ചു വലയിലാക്കുകയാണ് പതിവ്.
ഖത്തറിൽ നഗ്നചിത്രം പകർത്തി ബ്ലാക്മെയിൽ ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ എറണാകുളം സെൻട്രൽ പൊലീസ് പിടികൂടി ജയിലിലാക്കിയ പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. എറണാകുളം തോപ്പുംപടി സ്വദേശിനി മേരി വർഗീസാണ് കേസിലെ മുഖ്യ പ്രതി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വ്യവസായിയെ സൗഹൃദം നടിച്ച് റൂമിലേക്കു വരുത്തി. അവിടെ നേരത്തെ സ്ഥാപിച്ചിരുന്ന ക്യാമറയിൽ യുവതിയുടെയും യുവാവിന്റെയും നഗ്ന ദൃശ്യങ്ങൾ പകർത്തിയ ശേഷം പിന്നീടത് മൊബൈൽ ഫോണിലേക്ക് അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. ഇവരെ കണ്ണൂരിൽ നിന്നാണു പിടികൂടിയത്. കേരളത്തിൽ ഇവർ കൂടുതൽ തട്ടിപ്പുകൾ നടത്തിയിരുന്നോ എന്ന് പൊലീസ് അന്വേഷിച്ചെങ്കിലും പരാതിയുമായി മറ്റാരും വന്നിട്ടില്ല.
മാസങ്ങൾക്കു മുമ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വിഡിയോയിൽ ഒരു യുവാവിനെ യുവതി ക്രൂരമായി മർദിക്കുന്നുണ്ട്. വിദേശത്തോ ബെംഗളൂരു പോലെയുള്ള നഗരത്തിലോ ഒരു ഫ്ലാറ്റിൽ ചിത്രീകരിച്ചതാണെന്നു വ്യക്തമാണ്. ആക്രമണത്തിന് ഇരയായതും ആക്രമിക്കുന്നതും മലയാളികളാണെന്നും തിരിച്ചറിഞ്ഞു. പണമിടപാടാണ് മര്‍ദനത്തിനു പിന്നിലെ കാരണമെന്ന് വിഡിയോയിലെ സംഭാഷണങ്ങളിൽനിന്നു വ്യക്തമാണ്. യുവതിക്കൊപ്പമുള്ള മറ്റൊരാളാണ് വിഡിയോ പകർത്തിയതെന്നും വ്യക്തമാണ്.
ആക്രമണത്തിനിരയായ യുവാവ് ചങ്ങനാശേരി സ്വദേശിയാണെന്ന വിവരവും പുറത്തു വന്നിരുന്നു. ഇദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ വാർത്ത നൽകാനോ പരാതി കൊടുക്കാനോ താൽപര്യമില്ലെന്ന മറുപടി ലഭിച്ചതിനെ തുടർന്ന് മാധ്യമങ്ങളും സംഭവം ഗൗരവമായി എടുത്തില്ല. സംഭവത്തിൽ പരാതിക്കാരോ പ്രതികളെ സംബന്ധിച്ച വിവരങ്ങളോ ഇല്ലാത്തതിനാൽ പൊലീസിനും അന്വേഷിക്കാൻ താൽപര്യമുണ്ടായില്ല. ബ്ലാക്മെയിൽ കേസുകളിൽ ഇരകളാകുന്നവർ അഭിമാനം ഓർത്തോ ബന്ധുക്കളും മറ്റും അറിഞ്ഞ് കുടുംബകലഹമുണ്ടാകുമെന്നു കരുതിയോ പുറത്തു പറയാത്തത് തട്ടിപ്പുകാർക്കു കൂടുതൽ സൗകര്യമാകുകയാണ്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവർ വലയിൽ പെട്ടുകഴിയുമ്പോഴാണ് കൂടുതൽ തുകയ്ക്കു വേണ്ടി ഭീഷണിപ്പെടുത്തുന്നതും ഗത്യന്തരമില്ലാതെ പൊലീസിൽ പരാതിപ്പെടുന്നതും. പെരുമ്പാവൂർ കേസിൽ അരിമുതലാളിക്ക് സംഭവിച്ചത് അതാണെന്നു പൊലീസ് പറയുന്നു.