കേരളത്തിൻ്റെ വികസനം തടയുന്ന സമീപനമാണ് ബി ജെ പി ക്ക് , ചെങ്കൊടി കാണുമ്പോൾ ചിലർക്ക് ഹാലിളകുന്നു മുഖ്യമന്ത്രി

ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങൾ കേരളത്തിൽ ഉയർന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പുറത്തു നിന്നുള്ളവർ ഇതോടെ കേരളത്തിലേക്ക് പഠിക്കാൻ വരുമെന്നും ഭാവി കേരളം ശരിയായ രീതിയിൽ രൂപപ്പെടുന്നതിന് ആവശ്യമാണിതെല്ലാമെന്നും അദ്ദേഹം പറഞ്ഞു

0

കൊച്ചി | കേന്ദ്രത്തിന് കേരളത്തോട് വിപ്രതിപത്തിയെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. കേരളത്തിൻ്റെ കാലാനുസൃത വികസനം തടയുന്ന സമീപനമാണ് കേന്ദ്ര ഭരണകക്ഷി സ്വീകരിക്കുന്നതെന്നും ബി ജെ പി യോടൊപ്പം ചേർന്ന് കേരളത്തിലെ പ്രതിപക്ഷം നാടിൻ്റെ വികസനത്തിന് തുരങ്കം വെയ്ക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
കെ റെയിൽ നാടിൻ്റെ വികസനത്തിന് അനിവാര്യമാണെന്നും നാടിനെ പിറകോട്ടടിക്കാൻ ശ്രമിക്കുന്നവരാണ് കെ റെയിലിനെ എതിർക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളോടൊപ്പം നിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിൻ്റെ വികസന നയരേഖ എൽ ഡി എഫിൽ ചർച്ച ചെയ്യുമെന്നും ശേഷം പൂർണ്ണമായ തോതിൽ നയരേഖ നാടിനു മുന്നിൽ സമർപ്പിക്കുമെന്നും അത് ജനങ്ങളുടെ രേഖയായി മാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങൾ കേരളത്തിൽ ഉയർന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പുറത്തു നിന്നുള്ളവർ ഇതോടെ കേരളത്തിലേക്ക് പഠിക്കാൻ വരുമെന്നും ഭാവി കേരളം ശരിയായ രീതിയിൽ രൂപപ്പെടുന്നതിന് ആവശ്യമാണിതെല്ലാമെന്നും അദ്ദേഹം പറഞ്ഞു. 2016 നു മുൻപു വരെ പൊതു വിദ്യാഭ്യാസം തകർച്ചയിലായിരുന്നു.എന്നാൽ പിന്നീടിങ്ങോട്ട് വലിയ മുന്നേറ്റമുണ്ടാക്കാനായെന്നും ആത്മവിശ്വാസം നേടുന്ന വളർച്ച കൈവരിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കൊടിതോരണങ്ങൾ ഉയർത്തിയതിനെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ വിമർശിച്ചിരുന്നു.ജഡ്ജിയെ പേരിടുത്തുപറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു . ചെങ്കൊടി കാണുമ്പോൾ ഹാലിളകുന്നത് മാടമ്പിത്തരമെന്ന് മുഖ്യമന്ത്രി പറഞ്ഞു
ചിലർക്ക് ചെങ്കൊടി കാണുമ്പോൾ ഇപ്പോഴും അലർജിയാണ്. ചെങ്കൊടി കാണുമ്പോൾ ഒരുപാട് ചോദ്യങ്ങൾ ഉയർന്നത് ശ്രദ്ധയിൽപ്പെട്ടു. ഈ ചോദ്യം പണ്ട് ഒരുപാട് കേട്ടതാണ്. മാടമ്പിമാരാണ് അന്ന് ഈ ചോദ്യം ചോദിച്ചത്. മാടമ്പിമാരെ എങ്ങനെയാണ് നേരിട്ടതെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകുമെന്നും പിണറായി വിജയൻ പറഞ്ഞു.

മാദ്ധ്യമങ്ങളേയും പിണറായി വിജയൻ വിമർശിച്ചു. മാദ്ധ്യമങ്ങളുടെ ഉപദേശം വേണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. സിപിഎം നയരേഖ 1956ലെ രേഖയ്‌ക്ക് സമാനമാണെന്നും പിണറായി വിശദീകരിച്ചു. ഇഎംഎസ് സർക്കാർ നടപ്പാക്കാൻ തുടങ്ങിയ വികസനരേഖയ്‌ക്ക് സമാനമാണിത്. 1956ലെ പോലെ സമഗ്രമായ ഒരു രേഖ പിൽക്കാലത്തെ ഒരു സംസ്ഥാന സമ്മേളനങ്ങളിലും വരികയുണ്ടായില്ല. ഇത്തവണത്തെ സംസ്ഥാന സമ്മേളനത്തിൽ വന്നിരിക്കുന്നത് 56ലേതിന് സമാനമായ ഒരു രേഖയാണെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു

You might also like