ബി ജെ പി മാർച്ചിൽ സംഘർഷം നാളെ തിരുവനതപുരത്ത് ഹർത്താൽ
സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ ബി.ജെ.പി പ്രവർത്തകർ പൊലീസിനു നേരെ വ്യാപകമായി കല്ലെറിഞ്ഞു. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചെങ്കിലും പിരിഞ്ഞു പോയില്ല.
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ തിരുവനന്തപുരം ജില്ലയിൽ ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തു.
സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ ബി.ജെ.പി പ്രവർത്തകർ പൊലീസിനു നേരെ വ്യാപകമായി കല്ലെറിഞ്ഞു. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചെങ്കിലും പിരിഞ്ഞു പോയില്ല. സംഘർഷത്തിൽ മഹിളാ മോർച്ച കഴക്കൂട്ടം മണ്ഡലം പ്രസിഡന്‍റ് ശ്രീവിദ്യയ്ക്ക് തലക്ക് പരിക്കേറ്റു. പ്രവർത്തകർ അര മണിക്കൂർ റോഡ് ഉപരോധിച്ചു.
കൊച്ചിയിൽ കനയന്നൂർ താലൂക്കിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പത്തനംതിട്ട കലക്ടറേറ്റിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. കോട്ടയം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ കെ.കെ. റോഡ് ഉപരോധിച്ചു.