കള്ളനോട്ട് കേസ് ബി ജെ പി പ്രവർത്തകർ പിടിയിൽ
യുവമോർച്ചയുടെയും, ബി.ജെപിയുടെയും മുൻ ഭാരവാഹികളായിരുന്നു ഇരുവരും .2017ൽ ഇവരുടെ വീട്ടിൽ നിന്നും കള്ളനോട്ടും നോട്ടടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും സഹിതം പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
കൊടുങ്ങല്ലൂർ:വാഹനാപകടത്തിൽപെട്ട യുവാവിൽ നിന്ന് കള്ളനോട്ട് പിടിച്ച സംഭവവുമായി ബന്ധപ്പെട്ട് കള്ളനോട്ട് ശൃംഖലയിലെ ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ് എന്നറിയപ്പെടുന്ന സഹോദരന്മാർ അറസ്റ്റിൽ. ശ്രീനാരായണപുരം പനങ്ങാട് സ്വദേശികളായ എരാശേരി വീട്ടിൽ രാകേഷ് (37), രാജീവ് (35) എന്നിവരെ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ സജീവ ബി.ജെപി പ്രവർത്തകനായ മേത്തല സ്വദേശി വടശേരി കോളനിയിൽ കോന്നംപറമ്പിൽ ജിത്തുവിന്റെ പക്കൽ നിന്ന് 1.78 ലക്ഷത്തിന്റെ കള്ളനോട്ട് കണ്ടെത്തിയ കേസിലാണ് ബാംഗ്ലൂരിൽ നിന്നും പ്രതികൾ അറസ്റ്റിലായത്.
യുവമോർച്ചയുടെയും, ബി.ജെപിയുടെയും മുൻ ഭാരവാഹികളായിരുന്നു ഇരുവരും .2017ൽ ഇവരുടെ വീട്ടിൽ നിന്നും കള്ളനോട്ടും നോട്ടടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും സഹിതം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം കേരളത്തിന് പുറത്ത് പോയി കള്ളനോട്ടടി തുടർന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ചാവക്കാട് എന്നിവിടങ്ങളിലെ ക്രിമിനൽ സംഘവുമായി ബന്ധപ്പെട്ട് കള്ളനോട്ടടിച്ച് ആവശ്യക്കാർക്കെത്തിക്കലാണ് രീതി. അന്തിക്കാട് കാഞ്ഞാണിയിൽ 52 ലക്ഷത്തിന്റെ കള്ളനോട്ടുമായി 2019 ൽ രാഗേഷിനെ പിടികൂടിയിരുന്നു. പിന്നീട് മലപ്പുറം ജില്ലയിലെ എടവണ്ണ, കോഴിക്കോട് കൊടുവള്ളി എന്നിവിടങ്ങളിൽ കള്ളനോട്ട് കേസിൽപെട്ട് ഒളിവിൽ കഴിയുകയായിരുന്നു.ഇതിനിടയിലാണ് ബി.ജെ.പി പ്രവർത്തകനായ ജിത്തു ഇവരിൽ നിന്ന് വാങ്ങിയ കള്ളനോട്ടുമായി ബൈക്കിൽ വരുമ്പോൾ അപകടത്തിൽപെട്ടത്.ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജിത്തുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. തീരദേശ മേഖലയിലെ മീൻ കച്ചവടക്കാർക്കും ലോട്ടറി വിൽപനക്കാർക്കും ദിവസ പലിശയ്ക്കായി നൽകുന്ന പണം ഈ കള്ളനോട്ടുകളാണ്. ഇതിന്റെ ഇടനിലക്കാരനാണ് ജിത്തു . മുമ്പ് രാഗേഷും രഞ്ജിത്തും അറസ്റ്റിലായപ്പോൾ ബി.ജെ.പിയുടെ ഉന്നത നേതാക്കൾക്കൊപ്പമുള്ള ഇവരുടെ ചിത്രങ്ങൾ വൈറലായിരുന്നു.