“ബിഷപ്പിന്റെ പ്രസ്താവനയിൽ മതസ്പർധയുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല” മുഖ്യമന്ത്രി
ബിഷപ്പിൻ്റെ പ്രസ്താവനയിൽ കേസ് എടുക്കാൻ ആലോചനയില്ല. നമ്മുടെ സമൂഹത്തിൻ്റെ പ്രത്യേകത നിലനിര്‍ത്താനുള്ള ശ്രമമാണ് എല്ലാവരുടേയും ഭാഗത്ത് നിന്നുണ്ടാവേണ്ടത്. എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കാനുള്ള ശ്രമമാണ് വേണ്ടത്
തിരുവനന്തപുരം: പാല ബിഷപ്പിന്റെ പ്രസ്താവനയിൽ കേസെടുക്കാൻ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ ബിഷപ്പിന്റെ വിശദീകരണങ്ങൾ വന്നിട്ടുണ്ട്. അതിൽ മതസ്പർധയുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല, തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നൽകുക മാത്രമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ പ്രകോപനപമരായി പോകാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു .
” ബിഷപ്പിൻ്റെ പ്രസ്താവനയിൽ കേസ് എടുക്കാൻ ആലോചനയില്ല. നമ്മുടെ സമൂഹത്തിൻ്റെ പ്രത്യേകത നിലനിര്‍ത്താനുള്ള ശ്രമമാണ് എല്ലാവരുടേയും ഭാഗത്ത് നിന്നുണ്ടാവേണ്ടത്. എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കാനുള്ള ശ്രമമാണ് വേണ്ടത്. നമ്മുടെ നാടിൻ്റെ മതനിരപേക്ഷതയും അതിൻ്റെ ഭാഗമായുള്ള പ്രത്യേകത നിലനിൽക്കണം എന്നാഗ്രഹിക്കുന്നവരാണ് ന്യൂനപക്ഷ/ഭൂരിപക്ഷ വിഭാഗത്തിലെ മഹാഭൂരിപക്ഷം പേരും. അതിന് ഉതകുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്. അതിന് വിരുദ്ധമായ രീതിയൽ സമൂഹത്തെ മാറ്റാനുള്ള നീക്കം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ല.”
സമൂഹത്തിൽ നല്ല യോജിപ്പുണ്ടാക്കുക എന്നതാണ് പ്രധാനം. മാഫിയയെ മാഫിയായി കാണണം അതിന് മതചിഹ്നം നൽകേണ്ട ആവശ്യമില്ല. ഇതുമായി ബന്ധപ്പെട്ട് ആദരണീയനായ പാലാ ബിഷപ്പിന് വേണ്ടിയുള്ള വിശദീകരണങ്ങൾ വന്നിട്ടുണ്ട്. അതിൽ മതസ്പർധയുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല, തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നൽകുക മാത്രമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ പ്രകോപനപമരായി പോകാതെ സൂക്ഷിക്കുക എന്നത് പ്രധാനമാണ്. ”
ആഭിചാര പ്രവൃത്തിയിലൂടെ വശീകരിക്കാനാവും എന്നൊക്കെ പറയുന്നത് പഴയ നാടുവാഴി കാലത്തുള്ള സംസ്കാരത്തിന്റെ ഭാഗമായിട്ടാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ നീക്കങ്ങൾ അന്നുണ്ടായിരുന്നു. അതൊന്നും ഈ ശാസ്ത്രയുഗത്തിൽ ചിലവാക്കില്ല. ഇങ്ങനെയൊരു പൊതുസാഹചര്യം നിലനിൽക്കുമ്പോൾ ഇതിനെ തെറ്റായ നിലയിൽ ഉപയോഗിക്കാൻ ശ്രമിക്കുന്ന ചില ശക്തികളുണ്ട്.
ഈ സമൂഹത്തിൽ വർഗീയ ചിന്തയോടെ നീങ്ങുന്ന വൻകിട ശക്തികൾ ദുർബലമായി വരികയാണ്. അവർക്ക് ആരെയെങ്കിലും ചാരാൻ ഒരൽപം ഇടകിട്ടുമോ എന്ന് നോക്കി നടക്കുകയാണ്. അതെല്ലാവരും മനസ്സിലാക്കാണം എന്ന് മാത്രമേ ഇപ്പോൾ എനിക്ക് പറയാനുള്ളൂ. ഇരുവിഭാഗത്തേയും ഒന്നിച്ചിരുത്തിയുള്ള ചർച്ചയുടെ സാധ്യത സർക്കാർ പരിശോധിക്കും.
മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രചാരണം നടത്തുന്നവരെ കർശനമായി നേരിടും. ഒരു സമുദായം എന്ന നിലയ്ക്ക് ആ സമുദായത്തിലെ മുഴുവൻ അംഗങ്ങളുടെ കാര്യങ്ങൾ ആ സമുദായം ആലോചിക്കും. ഇതൊക്കെ സാധരണ ഗതിയിൽ ഒരു തെറ്റല്ല. ബന്ധപ്പെട്ട വിഭാഗങ്ങളുടെ മുന്നിൽ ആരാണോ സംസാരിക്കുന്നത് അവർ ഒരഭ്യർത്ഥന നടത്തും. സ്വന്തം സമുദായത്തെ ആരെങ്കിലും അഭിസംബോധന ചെയ്യുന്നതിൽ ആരും തെറ്റ് കാണുന്നില്ല. എന്നാൽ അത്തരം സന്ദർഭത്തിൽ ഇതരെ മതത്തെ അവഹേളിക്കുന്ന രീതി പാടില്ല.