ബിനോയ് കോടിയേരി പാർട്ടി അംഗമല്ല; ലൈംഗിക പീഡന പരാതി പാർട്ടി പരിശോധിക്കേണ്ടതില്ല: എം എ ബേബി
പാർട്ടി അംഗങ്ങളുടെ മക്കളോ ബന്ധുക്കളോ എന്തെങ്കിലും പ്രശ്‌നങ്ങളിലോ ആരോപണത്തിലോ പെട്ടാൽ അവർ സ്വന്തം നിലയിൽ നേരിടണമെന്നും ഇത്തരം സംഭവങ്ങളിൽ പാർട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും എം.എ ബേബി പറഞ്ഞു.
ബിനോയ് കോടിയേരി വിവാദത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് പി ബി അംഗം എം.എ ബേബി. പാർട്ടി അംഗങ്ങളുടെ മക്കളോ ബന്ധുക്കളോ എന്തെങ്കിലും പ്രശ്‌നങ്ങളിലോ ആരോപണത്തിലോ പെട്ടാൽ അവർ സ്വന്തം നിലയിൽ നേരിടണമെന്നും ഇത്തരം സംഭവങ്ങളിൽ പാർട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും എം.എ ബേബി പറഞ്ഞു. പാർട്ടി അംഗത്തിനെതിരെയല്ല ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. പാർട്ടി അംഗമായിരുന്നെങ്കിൽ പാർട്ടി പരിശോധിക്കുമായിരുന്നുവെന്നും ബേബി പറഞ്ഞു.
കാർട്ടൂൺ വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാടൊന്നും എടുത്തിട്ടില്ല. വ്യത്യസ്ത കലാവിഷ്‌ക്കാരങ്ങളെ കുറിച്ച് വ്യത്യസ്ത അഭിപ്രായം ഉണ്ടാകാം. പക്ഷെ അവയ്‌ക്കെതിരെ ഇത്തരത്തിൽ പ്രതികരിക്കുന്നത് ആരോഗ്യപരമായ സമീപനമല്ല. വിയോജിപ്പുള്ളവർക്ക് മറുപടി കാർട്ടൂൺ വരച്ച് മറുപടി പറയാം. സർക്കാരിന്റെ ഭാഗമായ ലളിതകലാ അക്കാദമി അവാർഡ് നൽകിയതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. അക്കാര്യം സർക്കാരും അക്കാദമിയും ചേർന്ന് പരിഹരിക്കേണ്ട വിഷയമാണെന്നും എം.എ ബേബി വ്യക്തമാക്കി.