ബംഗാളില്‍ ബിജെപി തൃണമൂല്‍ സംഘര്‍ഷം അനുരഞ്ജനത്തിന് സര്‍വകക്ഷിയോഗം നാളെ

തൃണമൂല്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് ബി.ജെ.പി കൊല്‍ക്കത്ത പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ഇന്നും സംഘര്‍ഷമുണ്ടായി.

0

കൊൽക്കൊത്ത :പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് – ബി.ജെ.പി സംഘര്‍ഷം തുടരുന്നു. സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ കേസരി തൃപാതി സര്‍വകക്ഷിയോഗം വിളിച്ചു. തൃണമൂല്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് ബി.ജെ.പി കൊല്‍ക്കത്ത പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ഇന്നും സംഘര്‍ഷമുണ്ടായി.

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണങ്ങളിലും 24 നോര്‍ത്ത് പര്‍ഗാനയിലുണ്ടായ കൊലപാതകങ്ങളിലും പ്രതിഷേധിച്ചാണ് ബി.ജെ.പി പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്. എംപി അര്‍ജുൻ സിങിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ലാല്‍ ബസാറിലേക്ക് മാര്‍ച്ച് എത്തും മുന്‍പേ പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കഴിഞ്ഞ ദിവസം തൃണമൂൽ – ബി.ജെ.പി സംഘർഷത്തിൽ മരിച്ച ബി.ജെ.പി പ്രവർത്തകന്‍റെ മൃതദേഹം സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പാ‍ർട്ടി ഓഫീസിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ബി.ജെ.പി ബന്ദ് ആചരിച്ചു. ഈ ബന്ദിനിടെ കാണാതായ പ്രവര്‍ത്തകന്റെ മൃഹദേഹം വികൃതമാക്കപ്പെട്ട നിലയിലാണ് ലഭിച്ചതെന്ന് ബി.ജെ.പി ആരോപിക്കുന്നു. ഇതോടെ സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്.

ആ സാഹചര്യത്തിലാണ് ഗവര്‍ണര്‍ കേസരി തൃപാതി സര്‍വ കക്ഷിയോഗം വിളിച്ചത്. നാളെ വൈകീട്ട് രാജ്ഭവനിലാണ് യോഗം. യോഗത്തിനെത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പിയും അറിയിച്ചു. സി.പി.എം, കോണ്‍ഗ്രസ് പ്രതിനിധികളും യോഗത്തിനെത്തും.

You might also like

-