ബാലചന്ദ്രകുമാറിന്റെ ആരോപണം ,നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം ദിലീപിനെ ഇന്നും ചോദ്യം ചെയ്യും
ബാലചന്ദ്രകുമാറിന്റെ ആരോപണത്തിൽ പറയും വിധം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദീലീപിന്റെ കൈവശം എത്തിയോ എന്ന് അറിയുന്നതിനും ദൃശ്യങ്ങൾ കണ്ടെത്തുന്നതിനുമാണ് ക്രൈം ബ്രാഞ്ച് സംഘം ശ്രമിക്കുന്നത്
കൊച്ചി | നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം ദിലീപിനെ ഇന്നും ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്ന് ക്രൈംബ്രാഞ്ച് എ ഡി ജി പി വ്യക്തമാക്കിയിരുന്നു . ബാലചന്ദ്രകുമാറിന്റെ ആരോപണത്തിൽ പറയും വിധം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദീലീപിന്റെ കൈവശം എത്തിയോ എന്ന് അറിയുന്നതിനും ദൃശ്യങ്ങൾ കണ്ടെത്തുന്നതിനുമാണ് ക്രൈം ബ്രാഞ്ച് സംഘം ശ്രമിക്കുന്നത് ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യൽ. കേസ് രജിസ്റ്റർ ചെയ്തു തുടരന്വേഷണം ആരംഭിച്ച് രണ്ടര മാസങ്ങൾക്ക് ശേഷമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.
ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും ദൃശ്യങ്ങൾ തന്റെ പക്കൽ എല്ലാ എന്നും മുൻ വൈരാഗ്യം മൂലം ബാലചന്ദ്രകുമാർ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതാണെന്നും സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിച്ചില്ലെന്നും ദിലീപ് ഇന്നലെ അന്വേഷണ സംഘത്തോട് പറഞ്ഞു . ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ നടന്ന ചോദ്യം ചെയ്യൽ.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണത്തിൽ കേസിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. അന്വേഷണം ഏപ്രിൽ 15നകം പൂർത്തിയാക്കി വിചാരണകോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശമുണ്ട്. ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു രജിസ്റ്റർ ചെയത അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.