സാങ്കേതിക സർവകലാശാല ബിടെക് പരീക്ഷയിൽ കൂട്ടകോപ്പിയടി, പരീക്ഷ റദ്ദാക്കി
പരീക്ഷാ ഹാളിൽ രഹസ്യമായി മൊബൈൽ ഫോൺ കൊണ്ടുവന്നണ് കോപ്പിയടി നടത്തിയത്. ബിടെക് മൂന്നാം സെമസ്റ്റർ കണക്ക് സപ്ലിമെന്ററി പരീക്ഷയിൽ ആണ് ക്രമക്കേട് നടന്നത്.
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ബിടെക് പരീക്ഷയിൽ കൂട്ടകോപ്പിയടി. ഇതേതുടർന്ന് വെള്ളിയാഴ്ച നടന്ന സാങ്കേതിക സർവകലാശാല ബിടെക് പരീക്ഷ റദ്ദാക്കി. ലീനിയർ ആൽജിബ്ര ആൻഡ് കോംപ്ലക്സ് ആനാലിസിസ് പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷ കൺട്രോളർ ഡോ. കെ.ആർ കിരൺ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രോ വൈസ് ചാൻസലർ ഡോ. എസ് അയൂബിന്‍റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റിന്‍റെ പരീക്ഷ ഉപസമിതിയാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്.
പരീക്ഷാ ഹാളിൽ രഹസ്യമായി മൊബൈൽ ഫോൺ കൊണ്ടുവന്നണ് കോപ്പിയടി നടത്തിയത്. ബിടെക് മൂന്നാം സെമസ്റ്റർ കണക്ക് സപ്ലിമെന്ററി പരീക്ഷയിൽ ആണ് ക്രമക്കേട് നടന്നത്. അഞ്ച് കോളജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങൾ കൈമാറിയത്. ചോദ്യപേപ്പറുകളുടെ ഫോട്ടോയെടുത്ത് വിവിധ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഉടൻ തന്നെ ഉത്തരങ്ങളും അയച്ചവർക്ക് വാട്സാപ്പ് വഴി ലഭിച്ചു.കോവിഡ് പ്രോട്ടോക്കോൾ മറയാക്കിയാണ് കോപ്പിയടി നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഇൻവിജിലേറ്റർമാർ ശാരിരിക അകലം പാലിച്ചത് മറയാക്കിയാണ് ക്രമക്കേട് നടന്നത്. ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയിട്ടുള്ളതെന്നും കണ്ടെത്തി. ഇത്തരം ക്രമക്കേട് നടത്തിയ നിരവധി വിദ്യാർഥികളുടെ മൊബൈൽഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽമാരോട് ആവശ്യപ്പെട്ടതായി കെടിയു അറിയിച്ചു. വിവിധ കോളേജുകളിൽനിന്ന് ലഭിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിൽ പരാതി നൽകുമെന്ന് കെടിയു അറിയിച്ചു. പരീക്ഷകളുടെ കൃത്യതയാർന്ന നടത്തിപ്പിനായി സാങ്കേതിക സർവകലാശാലയുടെ അധീനതയിലുള്ള കോളേജുകളിലെ പ്രിൻസിപ്പൽമാരുടെയും പരീക്ഷ ചീപ് സൂപ്രണ്ടുമാരുടെയും അടിയന്തര യോഗം ഉടൻ വിളിക്കുമെന്ന് വൈസ് ചാൻസലർ ഡോ. എം.എസ് രാജശ്രീ അറിയിച്ചു.