വ്യത്യസ്തതയിൽ യോഗദിനം ആചരിച്ചു ഇന്ത്യൻ സേന കരയിലും കടലിലും വെള്ളത്തിലും യോഗ

പതിവു രീതികളില്‍ നിന്ന് മാറി കരയിലും കടലിലും വായുവിലും വിവിധ യോഗകള്‍ അവതരിപ്പിച്ചാണ് ഇന്ത്യന്‍ സായുധ സേനാംഗങ്ങള്‍ വ്യത്യസ്തരായത്

0

ഡൽഹി : അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിച്ച് ഇന്ത്യന്‍ കര, ജല, നാവിക സേനാംഗങ്ങള്‍. പതിവു രീതികളില്‍ നിന്ന് മാറി കരയിലും കടലിലും വായുവിലും വിവിധ യോഗകള്‍ അവതരിപ്പിച്ചാണ് ഇന്ത്യന്‍ സായുധ സേനാംഗങ്ങള്‍ വ്യത്യസ്തരായത്. സേനയുടെ കൊച്ചി മുതല്‍ ലേ വരെയുള്ള ഭാഗങ്ങളിലെ അംഗങ്ങള്‍ ഇതില്‍ പങ്കാളികളായി.

ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ വായുവില്‍ നിന്നു കൊണ്ടുള്ള യോഗാഭ്യാസ മുറകളാണ് അവതരിപ്പിച്ചത്. എയര്‍ഫോഴ്‌സിലെ പാരാട്രൂപ്പേഴ്‌സ് ട്രെയിനിംഗ് സ്‌കൂളിലെ പരിശീലകരാണ് വായു യോഗ അവതരിപ്പിച്ചത്. 15,000 അടി ഉയരത്തില്‍ നിന്നു കൊണ്ടാണ് അവിശ്വസനീയമാം വിധം പല യോഗാഭ്യാസവും ഇവര്‍ ചെയ്തത്. വായു നമസ്‌കാര്‍, വായു പദ്മാസന്‍ തുടങ്ങിയ യോഗക്രിയകള്‍ അന്തരീക്ഷത്തില്‍ നിന്നു കൊണ്ട് ഇവര്‍ അവതരിപ്പിച്ചു.

അതേ സമയം ലഡാക്കില്‍ സൂര്യനമസ്‌കാരം ചെയ്തു കൊണ്ടാണ് ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി സേനാംഗങ്ങള്‍ യോഗ ദിനം ആചരിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശമാണിത്. കടുത്ത മഞ്ഞാല്‍ മൂടപ്പെട്ടു കിടക്കുന്ന ഈ സ്ഥലത്ത് ശ്വാസമെടുക്കുന്നതിന് പോലും വലിയ ബുദ്ധിമുട്ടാണ്. അരുണാചല്‍പ്രദേശിലെ ലോഹിത് പൂരില്‍ ഡിഗാരു നദിയില്‍ നിന്നു കൊണ്ടാണ് ഐ.റ്റി.ബി.പി ജവാന്മാര്‍ യോഗ ചെയ്തത്.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നാവിക സേനയുടെ നേതൃത്വത്തില്‍ യോഗ ദിനം ആചരിച്ചു. വൈസ് അഡ്മിറല്‍ കരംബീര്‍ സിംഗ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബംഗാള്‍ ഉള്‍ക്കടലിലെ ഐഎന്‍എസ് ജ്യോതിയില്‍ നിന്നു കൊണ്ടാണ് ഈസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡ് അംഗങ്ങള്‍ യോഗ ചെയ്തത്. കൊച്ചിയില്‍ ഐഎന്‍എസ് ജമുനയില്‍ വച്ചാണ് നാവിക സേനാംഗങ്ങള്‍ യോഗ അവതരിപ്പിച്ചു. ഐഎന്‍എസ് വിരാടില്‍ നടത്തിയ യോഗ പരിശീലനത്തില്‍ 1000ത്തോളം നാവിക സേനാംഗങ്ങളും കപ്പിത്താന്‍മാരും പങ്കെടുത്തു.

You might also like

-