സ്റ്റര്‍ലൈറ്റ് വിരുദ്ധ മുന്നണി പോരാളി മുഗിലനെ കണ്ടെത്തി

തൂത്തുക്കുടി വെടിവയ്പ്പ്, ദക്ഷിണ മേഖലാ ഐജി ശൈലേഷ് കുമാര്‍, ഡെപ്യൂട്ടി ഐ ജി കപില്‍ കുമാര്‍ എന്നിവരുടെ നിര്‍ദേശ പ്രകാരമായിരുന്നെന്നും വേദാന്ത ഗ്രൂപ്പുമായി കൂടിയാലോചന നടത്തിയെന്നും തെളിയിക്കുന്ന രേഖകള്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്ത് വിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു തിരോധാനം.

0

ചെന്നൈ: സ്റ്റര്‍ലൈറ്റ് വിരുദ്ധ സമരനേതാവുംമുന്നണി പോരാളിയും സാമൂഹിക പ്രവര്‍ത്തകനുമായ മുഗിലനെ കണ്ടെത്തി. മുഗിലന്‍റെ സഹപാഠിയായിരുന്ന സുഹൃത്ത് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് മുഗിലനെ പിടികൂടുകയായിരുന്നു. തൂത്തുക്കുടി വെടിവയ്പ്പിലെ ഉന്നത പൊലീസ് ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത് കൊണ്ടുവന്നതിന് പിന്നാലെയാണ് മുഗിലനെ കാണാതായത്. തൂത്തുക്കുടി വെടിവയ്പ്പ്, ദക്ഷിണ മേഖലാ ഐജി ശൈലേഷ് കുമാര്‍, ഡെപ്യൂട്ടി ഐ ജി കപില്‍ കുമാര്‍ എന്നിവരുടെ നിര്‍ദേശ പ്രകാരമായിരുന്നെന്നും വേദാന്ത ഗ്രൂപ്പുമായി കൂടിയാലോചന നടത്തിയെന്നും തെളിയിക്കുന്ന രേഖകള്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്ത് വിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു തിരോധാനം.

14-ാം തീയതി ചെന്നൈയില്‍ നടത്തിയ പത്രസമ്മേളനത്തിന് ശേഷം എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മധുരയിലേക്ക് പോകുമെന്നാണ് മുഗിലന്‍ സുഹൃത്തുക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ എഗ്മൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ കയറാന്‍ എത്തിയ മുഗിലനെ പിന്നീട് ആരും കണ്ടിരുന്നില്ല. നേരത്തെ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരങ്ങളുടെ ഭാഗമായി മുഗിലന്‍ ശിക്ഷ അനുഭവിച്ചിരുന്നു.ജയിലിന് പുറത്തിറങ്ങിയ ശേഷം, തൂത്തുക്കുടി സമരത്തെ കുറിച്ച് മുഗിലന്‍ ഗവേഷണം നടത്തിവരികയായിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഹേബിയസ് കോര്‍പ്പസ് നല്‍കിയതിനെ തുടര്‍ന്ന് പൊലീസിന് കോടതി നോട്ടീസ് അയച്ചിരുന്നു.

എഗ്മൂര്‍ സ്റ്റേഷനില്‍ മുഗിലന്‍ നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്നും പക്ഷേ മധുരയിലേക്ക് പോയിട്ടില്ലെന്നുമായിരുന്നു പൊലീസ് വാദം. അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ചെന്നൈയില്‍ ഉള്‍പ്പടെ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ വിവിധ സാമൂഹിക സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മുഗിലനെ കണ്ടെത്തിയിരിക്കുന്നത്.

You might also like

-