മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു ഷട്ടർ കൂടി ഉയർത്തി,സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ
ജലനിരപ്പ് കുറയ്ക്കണം എന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഒരു ഷട്ടർ കൂടി ഉയര്‍ത്തിയത്. ഇതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 825 ഘനയടി ആയി ഉയർത്തും
കൊച്ചി | ഇടുക്കി| മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു ഷട്ടർ കൂടി ഉയർത്തി. രണ്ടാം നമ്പർ ഷട്ടറാണ് ഒമ്പത് മണിയോടെ ഉയർത്തിയത്. ഇതിലൂടെ സെക്കൻഡിൽ 250 ഘനയടി വെള്ളം കൂടി ഒഴുക്കി വിടും. ജലനിരപ്പ് കുറയ്ക്കണം എന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഒരു ഷട്ടർ കൂടി ഉയര്‍ത്തിയത്. ഇതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 825 ഘനയടി ആയി ഉയർത്തും. നിലവിൽ 2,3,4 ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്. കൂടുതൽ ഷട്ടർ ഉയർത്തി എങ്കിലും ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജാഗ്രത തുടരണമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളില്‍ തിങ്കളാഴ്ച വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച പതിനൊന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മഴയോര മേഖലകളില്‍ വരുംദിവസങ്ങളില്‍ മഴ കനത്തേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായി മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അതിനനുസരിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.