അമിത്ഷാക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആഭ്യന്തിര മന്ത്രാലയത്തിലെ കൂടുതൽ പേര് നിരീക്ഷണത്തിൽ
അടുത്ത് ഇടപഴകിയ കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയയോട് നിരീക്ഷണത്തിൽ പോകാൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.
ഡൽഹി :കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഉന്നതരിൽ രോഗം പടരുന്നുണ്ടോയെന്ന ആശങ്കയേറുന്നു. കഴിഞ്ഞ ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭ യോഗത്തിൽ അമിത്ഷാ പങ്കെടുത്തിരുന്നെങ്കിലും സാമൂഹിക അകലം പാലിച്ചിരുന്നുവെന്ന വിശദീകരണമാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നത്. അതേസമയം അടുത്ത് ഇടപഴകിയ കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയയോട് നിരീക്ഷണത്തിൽ പോകാൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.
കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കും കോവിഡ് സ്ഥിരീകരിച്ചു. അമിത്ഷായെ ഗുഡ്ഗാവിലെ മേദാന്ത സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് മേദാന്ത ആശുപത്രിയിലെത്തി അമിത് ഷായെ ചികിത്സിക്കുമെന്ന് എയിംസിലെ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല. അതേസമയം അമിത് ഷായിൽ നിന്ന് മറ്റുളളവരിലേക്ക് രോഗബാധയുണ്ടായോ എന്ന ആശങ്കയേറുന്നുമുണ്ട്.
ബംഗാളിലെ പാർട്ടി നേതാക്കന്മാരുമായി അമിത് ഷാ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തതാണ് കൂടുതൽ ആശങ്കക്കിടയാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ സാമൂഹിക അകലം പാലിച്ചിരുന്നതിനാൽ ആശങ്ക വേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തിൽ നിരീക്ഷണത്തിൽ പോകാൻ ഡോക്ടർ നിർദേശിച്ചതായി കേന്ദ്രസഹമന്ത്രി ബാബുൽ സുപ്രിയ ട്വീറ്റ് ചെയ്തു.
അമിത്ഷായും ട്വിറ്ററിലൂടെയാണ് കോവിഡ് ബാധിച്ച കാര്യം അറിയിച്ചത്. നേരിയ ലക്ഷണങ്ങൾ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധിച്ച കാര്യം സ്ഥിരീകരിച്ചത്. തമിഴ്നാട് ഗവര്‍ണര്‍ ബൻവരിലാൽ പുരോഹിത്, ബിജെപി ഉത്തര്‍പ്രദേശ് ഘടകം പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ് എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.