സുപ്രീം കോടതി വിധി എല്ലാവരും സമാധാനപരമായി മാനിക്കണമെന്നും:അമിത് ഷാ
വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധത്തിലൂടെ കടന്നു പോയ കേസിന്റെ അന്തിമ വിധിയാണ് ഇന്ന് പ്രസ്താവിച്ചത്
ഡല്‍ഹി: സുപ്രീം കോടതി വിധിയെ എല്ലാവരും സമാധാനപരമായി മാനിക്കണമെന്നും ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന സങ്കല്‍പ്പം ഉയര്‍ത്തിപ്പിടിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. .വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധത്തിലൂടെ കടന്നു പോയ കേസിന്റെ അന്തിമ വിധിയാണ് ഇന്ന് പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. അയോദ്ധ്യയിലെ തര്‍ക്കഭൂമി ഹിന്ദു വിശ്വാസികള്‍ക്ക് നല്‍കുകയും പള്ളി നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി തര്‍ക്ക ഭൂമിയ്ക്ക് പുറത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കാനുമാണ് കോടതി വിധിയായത്.
ക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ച് ഭൂമി കൈമാറണമെന്നും മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്രം ഇതിനായി പദ്ധതി ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു. അയോദ്ധ്യ കേസില്‍ ഐക്യകണ്ഠേനയുള്ള ഒറ്റവിധിയാണ് സുപ്രീം കോടതി പ്രസ്താവിച്ചത്. വിധി വരുന്നതിനു നിമഷങ്ങള്‍ക്കു മുമ്പ് അമിത് ഷാ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അവലോകന യോഗത്തില്‍ അജിത് ഡോവലും പങ്കെടുത്തിരുന്നു.