ഭാര്യയുടെ പ്രായം 18 ന് മുകളിലെങ്കിൽ ഭർതൃബലാത്സംഗം കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി
സുപ്രീം കോടതി ഇതില്‍ തീരുമാനമെടുക്കുന്നതുവരെ ഇത് കുറ്റകരമല്ലാതെ തുടരുമെന്നും ഹൈക്കോടതി പറഞ്ഞു. 377-ാം വകുപ്പ് പ്രകാരമുള്ള പ്രകൃതിവിരുദ്ധ പീഡനത്തിന് വൈവാഹിക ബന്ധത്തില്‍ സ്ഥാനമില്ലെന്നും മധ്യപ്രദേശ് ഹൈക്കോടതിയുടെ മുന്‍കാല വിധി ചൂണ്ടിക്കാട്ടി അലഹാബാദ് ഹൈക്കോടതി നിരീക്ഷിച്ചു.
അലഹാബാദ്| ഭാര്യയുടെ പ്രായം 18 വയസോ അതിനു മുകളിലോ ആണെങ്കിൽ ഭർതൃബലാത്സംഗം കുറ്റകരമല്ലെന്ന് വിധിച്ച് അലഹാബാദ് ഹൈക്കോടതി. പ്രകൃതിവിരുദ്ധ പീഡനം ആരോപിച്ച് ഭാര്യ നൽകിയ പരാതിയിൽ ഭർത്താവിനെ കുറ്റവിമുക്തനാക്കിയ വിധിന്യായത്തിലാണ് കോടതിയുടെ പരാമർശം. ഭര്‍തൃബലാത്സംഗം ഇന്ത്യയില്‍ ഇതുവരെ കുറ്റകരമാക്കിയിട്ടില്ലെന്നും ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്ര പറഞ്ഞു.ഭർതൃബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതി ഇതില്‍ തീരുമാനമെടുക്കുന്നതുവരെ ഇത് കുറ്റകരമല്ലാതെ തുടരുമെന്നും ഹൈക്കോടതി പറഞ്ഞു. 377-ാം വകുപ്പ് പ്രകാരമുള്ള പ്രകൃതിവിരുദ്ധ പീഡനത്തിന് വൈവാഹിക ബന്ധത്തില്‍ സ്ഥാനമില്ലെന്നും മധ്യപ്രദേശ് ഹൈക്കോടതിയുടെ മുന്‍കാല വിധി ചൂണ്ടിക്കാട്ടി അലഹാബാദ് ഹൈക്കോടതി നിരീക്ഷിച്ചു.
വിവാഹജീവിതം ദുരിതപൂര്‍ണ്ണമാണെന്നും ശാരീരികമായും മാനസികമായും ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കുകയുമാണെന്നായിരുന്നു പരാതി. ബലം പ്രയോഗിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പരാതിയിൽ പറയുന്നു. ഐപിസി 377 പ്രകാരമുള്ള കുറ്റങ്ങളില്‍ നിന്ന് ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കിയെങ്കിലും 498(എ), 323 വകുപ്പുകള്‍ ചുമത്തി ശിക്ഷ വിധിച്ചു.ഭര്‍തൃബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഈ വര്‍ഷം ആദ്യംസുപ്രീം കോടതി പരിഗണിച്ചിരുന്നു. ഭര്‍തൃബലാത്സംഗം കുറ്റകരമാക്കുന്നത് ‘സാമൂഹ്യമായ പ്രത്യാഘാതങ്ങള്‍’ ഉണ്ടാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്
ഇന്ത്യൻ ശിക്ഷാ നിയമം 1860ലെ സെക്ഷൻ 375 പ്രകാരം സ്ത്രീയുടെ താല്പര്യത്തിനെതിരായോ അനുമതിയില്ലാതെയോ പുരുഷൻ ലൈംഗികമായി പെരുമാറുന്നത് ബലാത്സംഗമായി കണക്കാക്കും. അതേസമയം, രണ്ട് സാഹചര്യങ്ങളിൽ ഇതിന് ഇളവ് നൽകിയിട്ടുണ്ട്. മെഡിക്കൽ നടപടിക്രമങ്ങളുടെ ഭാഗമായുള്ള പ്രവർത്തികൾ, 18 വയസ്സിന് മുകളിൽ പ്രായമുള്ള ഭാര്യയുമായി ഭർത്താവ് നടത്തുന്ന ലൈംഗികപ്രവർത്തികൾ എന്നിങ്ങനെ. വിവാഹിതരായ സ്ത്രീകളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണ് ഈ ഇളവ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് റദ്ദ് ചെയ്യണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.