പീഡന പരാതി ഒത്തുതീര്‍പ്പാക്കൽ മുഖ്യമന്ത്രിയുമായി എ കെ ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രിയെ വിളിച്ച് സമയം തേടിയ ശേഷം എ കെ ശശീന്ദ്രന്റെ ആവശ്യപ്രകാരമായിരുന്നു ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയുള്ള കൂടിക്കാഴ്ച.വിവാദത്തിന് പിന്നാലെ ഇന്നലെതന്നെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് വിശദീകരണം നല്‍കിയിരുന്നു.
തിരുവനന്തപുരം :പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന വിവാദത്തില്‍ എ കെ ശശീന്ദ്രനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി എ കെ ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയെ വിളിച്ച് സമയം തേടിയ ശേഷം എ കെ ശശീന്ദ്രന്റെ ആവശ്യപ്രകാരമായിരുന്നു ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയുള്ള കൂടിക്കാഴ്ച.വിവാദത്തിന് പിന്നാലെ ഇന്നലെതന്നെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് വിശദീകരണം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നേരിട്ടെത്തി മുഖ്യമന്ത്രിയെ കണ്ടത്. 15 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ പാര്‍ട്ടി വിഷയമാണെന്ന് കരുതിയാണ് താന്‍ ഇടപെട്ടതെന്ന് ശശീന്ദ്രന്‍ വ്യക്തമാക്കി. അധികാര ദുര്‍വിനിയോഗമുണ്ടായിട്ടില്ലെന്നും പീഡന പരാതിയില്‍ പൊലീസിനോട് കേസെടുക്കേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടി നേതാവെന്ന നിലയില്‍ പെണ്‍കുട്ടിയുടെ പിതാവിനോട് സംസാരിക്കുകയായിരുന്നു എന്നാണ് വിശദീകരണം.
അതേസമയം നാളെ നിയമസഭാ സമ്മേളനം തുടങ്ങുമ്പോള്‍ ഫോണ്‍ വിളി വിവാദമുയര്‍ത്തിപ്പിടിക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കം ശശീന്ദ്രന്റെ രാജി ഇന്നലെ തന്നെ ആവശ്യപ്പെട്ടിരുന്നു. രാജിക്ക് തയാറായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന നിലപാടിലാണ് പ്രതിപക്ഷം.
മറുവശത്ത് വിവാദത്തെ രാഷ്ട്രീയമായി നേരിടാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും. ചില രാഷ്ട്രീയ അജണ്ടകള്‍ ഇതിന് പിന്നിലുണ്ടെന്നാണ് സിപിഐഎമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാട്. പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശശീന്ദ്രന്‍ ഇടപെട്ടിട്ടില്ല എന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് ടി പി പീതാംബരന്‍ മാസ്റ്റര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. പാര്‍ട്ടി വിഷയത്തില്‍ ഇടപെടുകയാണുണ്ടായതെന്നും ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
ശശീന്ദ്രന്റെ രാജി പാര്‍ട്ടി ആവശ്യപ്പെടില്ലെന്ന് പി സി ചാക്കോയും വ്യക്തമാക്കിക്കഴിഞ്ഞു. ശശീന്ദ്രന്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും വിഷയം അന്വേഷിക്കാന്‍ രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരെ കൊല്ലത്തേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പി സി ചാക്കോ വ്യക്തമാക്കി.പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടി വേണം. അതില്‍ എന്‍ സി പിയോ ഇടതുപക്ഷമോ ഇടപെടില്ല. പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാനാണ് ശശീന്ദ്രന്‍ വിളിച്ചത്. കേസ് ഒത്തുതീര്‍ക്കണമെന്ന് ശശീന്ദ്രന്‍ പറഞ്ഞിട്ടില്ല. ശശീന്ദ്രന്‍ ഇടപെട്ടാല്‍ പ്രശ്നം തീരുമെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞതുകൊണ്ടാണ് വിളിച്ചതെന്നും പി സി ചാക്കോ പറഞ്ഞു