കന്യാസ്ത്രീക്കെതിരെ അപമാനപരാമർശം പി സി ജോർജിനെതിരെ കേസ്
ഐപിസി 509 വകുപ്പ് പ്രകാരമാണ് കുറവിലങ്ങാട് പൊലീസ് കേസെടുത്തത്. ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് കന്യാസ്ത്രീയെ രൂക്ഷമായ ഭാഷയില്‍ മോശം പദപ്രയോഗങ്ങളിലൂടെ പി.സി ജോര്‍ജ്ജ് അപമാനിച്ചത്
കോട്ടയം : ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയിൽ കന്യാസ്ത്രീയെ വാർത്താ സമ്മേളനത്തിൽ അപമാനിച്ച പി.സി ജോർജ് എംഎൽഎക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചതിന് ഐപിസി 509 വകുപ്പ് പ്രകാരമാണ് കുറവിലങ്ങാട് പൊലീസ് കേസെടുത്തത്. ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് കന്യാസ്ത്രീയെ രൂക്ഷമായ ഭാഷയില്‍ മോശം പദപ്രയോഗങ്ങളിലൂടെ പി.സി ജോര്‍ജ്ജ് അപമാനിച്ചത്.
ഇതിനെതിരെ കന്യാസ്ത്രീ തന്നെ പരാതി നല്‍കുകയായിരുന്നു. നേരത്തേ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പൊലീസ് പി.സി.ജോർജിനെതിരെ സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചിരുന്നു. ഇത് രണ്ടും ചേർത്താണിപ്പോൾ പി.സി.ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. കന്യാസ്ത്രീക്കെതിരെ മോശപരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമുയര്‍ന്നതോടെ വിശദീകരണം നല്‍കാന്‍ പി.സി ജോര്‍ജ്ജ് രണ്ടാമതും വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. രണ്ടാമത് നടത്തിയ വാര്‍ത്താസമ്മേളനത്തിലും കന്യാസ്ത്രീയെ മോശമായി എംഎല്‍എ ആക്ഷേപിക്കുകയായിരുന്നു.
നിരന്തരമായി മാധ്യമങ്ങളിലൂടെ പി.സി.ജോർജ്, ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗപരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിയ്ക്കുന്ന പരാമർശങ്ങൾ നടത്തിയിരുന്നു. മിഷനറീസ് ഓഫ് ജീസസ് പുറത്തുവിട്ട, കന്യാസ്ത്രീയുടെ ചിത്രങ്ങൾ അടങ്ങിയ സിഡി പ്രചരിപ്പിയ്ക്കുകയും ചെയ്തു. കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പി.സി.ജോർജ് തന്നെ അപമാനിയ്ക്കുന് തരത്തിലുള്ള പ്രസ്താവനകൾ നടത്തിയെന്ന് കന്യാസ്ത്രീ പൊലീസിന് നേരിട്ട് മൊഴി നൽകിയിരുന്നു. മഠത്തിലെത്തിയ കുറവിലങ്ങാട് എസ്.ഐ ദീപുവിനാണ് കന്യാസ്ത്രീ നേരിട്ട് മൊഴി നൽകിയത്. ജോർജിന്‍റെ പരാമർശങ്ങൾ കടുത്ത മനോവിഷമമുണ്ടാക്കിയെന്ന് കന്യാസ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന സിസ്റ്റർ അനുപമയടക്കം വ്യക്തമാക്കുകയും ചെയ്തിരുന്നു. കന്യാസ്ത്രീയ അപമാനിച്ച വിഷയത്തില്‍ വനിതാ കമ്മീഷനും പി.സി ജോര്‍ജ്ജിന് നോട്ടീസയച്ചിരുന്നു.