കേരളത്തിന്റെ മുഴുവന്‍ പിന്തുണയും; അടൂരിനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

ബിജെപി യുടെ വൃത്തികെട്ട രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

0

തിരുവനന്തപുരം: ബിജെപി യുടെ വൃത്തികെട്ട രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഛിദ്രശക്തികളുടെ യാതൊരു ശ്രമങ്ങളും കേരളത്തില്‍ വിലപ്പോവില്ല. മതനിരപേക്ഷ ശക്തികള്‍ അതിനെ എതിര്‍ക്കും. അത്തരം ശ്രമങ്ങളെ ചെറുക്കാനുള്ള ജാഗ്രതയും കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. അടൂര്‍ ഗോപാലകൃഷ്ണനെതിരായ നീക്കങ്ങളെ പ്രതിരോധിച്ച് കേരളം മുഴുവന്‍ ഒറ്റക്കെട്ടായി നിന്നത് നമ്മള്‍ കണ്ടതാണ്. കേരളത്തിന്‍റെ പൂര്‍ണ പിന്തുണ അദ്ദേഹത്തിനുണ്ട്. ആ പിന്തുണ ഒരിക്കല്‍ക്കൂടി ഉറപ്പുനല്‍കാനാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചതിന്‍റെ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ രൂക്ഷപരാമര്‍ശമാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ കഴിഞ്ഞദിവസം നടത്തിയത്. ‘ജയ് ശ്രീറാം’ വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്നായിരുന്നു ഗോപാലകൃഷ്ണന്‍റെ പ്രസ്താവന.

”നേരത്തേ ഇവർ എല്ലാവരെയും പാകിസ്ഥാനിലേക്കാ അയച്ചുകൊണ്ടിരുന്നത്. അവിടിപ്പം നിറഞ്ഞെന്ന് തോന്നുന്നു. ഇനി ചന്ദ്രഗ്രഹത്തിലേക്ക് ആരെങ്കിലും ടിക്കറ്റ് തന്നാൽ പോകാം. ഇനിയിപ്പോൾ വീട്ടിന് മുന്നിൽ വന്ന് ആരെങ്കിലും നാമം ചൊല്ലിയാൽ സന്തോഷം. ഞാനും അവർക്കൊപ്പം ഇരുന്ന് നാമം ചൊല്ലും” എന്നായിരുന്നു ബിജെപി നേതാവിന്‍റെ പ്രസ്താവനയോടുള്ള അടൂരിന്‍റെ പ്രതികരണം. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരടക്കം നിരവധി പേര്‍ അടൂരിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടൂര്‍ ഗോപാലകൃഷ്ണനെ സന്ദര്‍ശിച്ചത്.