ഇരക്കെതിരെയും കേസ്സ്? എഡിജിപിയുടെ മകളുടെ മർദനമേറ്റ പോലീസുകാരനെതിരേയും ജാമ്യമില്ലാ വകുപ്പിൽ കേസ്
തിരുവനന്തപുരം: എഡിജിപിയുടെ മകളുടെ മർദനമേറ്റെന്നു പരാതിപ്പെട്ട പോലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. തിരുവനന്തപുരം മ്യൂസിയം പോലീസാണു എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ധയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അസഭ്യം പറയൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങളാണ് പരാതിക്കാരനെതിരേ ചുമത്തിയിരിക്കുന്നത്. നേരത്തെ, പോലീസ് ഡ്രൈവറെ മർദിച്ചെന്നു പരാതിയിൽ എഡിജിപിയുടെ മകൾക്കെതിരെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. സുധേഷ് കുമാറിന്റെ ഒൗദ്യോഗിക ഡ്രൈവർ തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഗവാസ്കറാണ് സ്നിഗ്ധയ്ക്കെതിരെ പരാതി നൽകിയത്.
വ്യാഴാഴ്ച രാവിലെ എട്ടോടെ കനകക്കുന്നിൽ വച്ചായിരുന്നു സംഭവം. രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഒൗദ്യോഗിക വാഹനത്തിൽ കനകക്കുന്നിൽ കൊണ്ടുപോയി. തിരികെ വരുന്പോൾ വാഹനത്തിലിരുന്നു സ്നിഗ്ധ ചീത്തവിളിക്കുകയായിരുന്നു. ഇതിനെ എതിർത്തു വണ്ടി റോഡിൽ നിർത്തിയതോടെ മൊബൈൽ ഫോണ് ഉപയോഗിച്ച് കഴുത്തിനു പിന്നിലിടിച്ചെന്നാണു ഗവാസ്കറിന്റെ പരാതി.
കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെന്നും അതിന്റെ തുടർച്ചയാണ് രാവിലത്തെ സംഭവമെന്നും പോലീസ് പറയുന്നു. സ്നിഗ്ധ സിവിൽ സർവീസ് പരീക്ഷാ പരിശീലനം നടത്തുകയാണ്