സുപ്രീം കോടതിയിൽ അപ്പീൽ നിലനിൽക്കെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളംനടത്തിപ്പ് ഇന്നുമുതൽ അദാനി ഗ്രുപ്പിന്

എയർപോർട്ട് അതോറിറ്റി ജീവനക്കാരുടെ പങ്കാളിത്തത്തോടെയാകും വിമാനത്താവളത്തിന്റെ പ്രവർത്തനമെന്ന് അദാനി ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള ജീവനക്കാർക്ക് മൂന്ന് വർഷം ഇവിടെ തന്നെ തുടരാം. 300 ജീവനക്കാരാണ് വിമാനത്താവളത്തിൽ ഉള്ളത്.

0

തിരുവനന്തപുരം : കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് കൈമാറിയ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം ഇന്ന് അർദ്ധ രാത്രി മുതൽ അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. എയർപോർട്ട് ഡയറക്ടർ സി.വി.രവീന്ദ്രനിൽ നിന്ന് അദാനി ഗ്രൂപ്പ് ചീഫ് എയർപോർട്ട് ഓഫീസർ ജി.മധുസൂദന റാവു ഔദ്യോഗികമായി ചുമതലയേറ്റെടുക്കും. 50 വർഷത്തേക്കാണ് അദാനി ഗ്രൂപ്പിന് നടത്തിപ്പ്ലഭിച്ചിരിക്കുന്നത്.

എയർപോർട്ട് അതോറിറ്റിയും അദാനി ഗ്രൂപ്പും തമ്മിൽ കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടത്. ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു. അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീം കോടതിയിൽ അപ്പീൽ നിലവിലുണ്ട്.

എയർപോർട്ട് അതോറിറ്റി ജീവനക്കാരുടെ പങ്കാളിത്തത്തോടെയാകും വിമാനത്താവളത്തിന്റെ പ്രവർത്തനമെന്ന് അദാനി ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള ജീവനക്കാർക്ക് മൂന്ന് വർഷം ഇവിടെ തന്നെ തുടരാം. 300 ജീവനക്കാരാണ് വിമാനത്താവളത്തിൽ ഉള്ളത്. അതിന് ശേഷം ഇവർ എയർപോർട്ടിന്റെ ഭാഗമാകുകയോ എയർപോർട്ട് അതോറിറ്റിയുടെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്ക് മാറുകയോ ചെയ്യണം. തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് എന്ന പേര് മാറ്റേണ്ടതില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.

വിമാനത്താവളം അദാനി ഏറ്റെടുക്കുന്നതിനെ പിന്തുണച്ചുകൊണ്ട് കോൺഗ്രസ് എംപി ശശി തരൂരും രംഗത്തെത്തി. നമ്മുടെ വിമാനത്താവളം മികച്ച രീതിയിൽ പ്രവർത്തിക്കണമെന്നത് തിരുവനന്തപുരം നിവാസികളുടെ എക്കാലത്തേയും ആഗ്രഹമാണെന്നും അവിടെ ജോലി ചെയ്യുന്നവർക്ക് ഒരു മെച്ചപ്പെട്ട ഓഫർ ആണ് അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നും ശശി തരൂർ പറഞ്ഞു. തൊഴിലാളികളും സംതൃപ്തരാണ് എന്നിരിക്കേ പദ്ധതിയുമായി മുന്നോട്ടു പോകണം എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

-