ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ് നടി അനന്യ പാണ്ഡെയെ എൻസിബി ഇന്നും ചോദ്യം ചെയ്യും
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെയും ഒപ്പം അറസ്റ്റിലായവരുടെയും മൊബൈലിലെ വാട്‌സ്ആപ്പ് ചാറ്റിൽ നിന്നാണ് അനന്യയുടെ പങ്കിനെക്കുറിച്ച് എൻസിബി ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യം.
മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി അനന്യ പാണ്ഡെയെ എൻസിബി ഇന്നും ചോദ്യം ചെയ്യും. അനന്യയുടെ ഫോണും ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് എൻസിബിയുടെ തീരുമാനം. കഴിഞ്ഞ ദിവസം അനന്യയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പോലീസ് ഇവയൊക്കെ പിടികൂടിയത്. ഇന്നലെ രണ്ട് മണിക്കൂറോളം നേരം അനന്യയെ ചോദ്യം ചെയ്തിരുന്നു.ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെയും ഒപ്പം അറസ്റ്റിലായവരുടെയും മൊബൈലിലെ വാട്‌സ്ആപ്പ് ചാറ്റിൽ നിന്നാണ് അനന്യയുടെ പങ്കിനെക്കുറിച്ച് എൻസിബി ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യം.
ഒക്ടോബർ രണ്ടിനാണ് മുംബൈയിൽ ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിക്കിടെ എൻസിബി റെയ്ഡ് നടത്തിയതും ആര്യൻ ഖാൻ ഉൾപ്പെടെ പിടിയിലായതും. അനന്യയുടെ മൊബൈലിൽ നിന്നും ലാപ്‌ടോപ്പിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ആര്യൻ ഖാനെതിരായ ശക്തമായ തെളിവുകളാകും. നടിയുടെ വീട്ടില്‍ എന്‍.സി.ബി റെയ്ഡും നടന്നിരുന്നു. ഫോണും ലാപ്‌ടോപ്പും എൻ.സി.ബി പിടിച്ചെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ചോദ്യം ചെയ്യലിനായി എന്‍.സി.ബി ഓഫീസിനെത്താന്‍ സമന്‍സ് അയച്ചത്. 2019ൽ പുറത്തിറങ്ങിയ, ടൈഗർ ഷ്‌റോഫ് നായകനായ സ്റ്റുഡന്റ് ഓഫ് ദ ഇയർ 2വിലൂടെയാണ് അനന്യ പാണ്ഡെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. മികച്ച യുവനടിക്കുള്ള ഫിലിംഫെയർ അവാർഡും ഇവർ നേടിയിരുന്നു. ഇതുവരെ ആറു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആര്യന്റെയും സഹോദരി സുഹാനയുടെയും പൊതുസുഹൃത്താണ് അനന്യ.
അതേസമയം വിചാരണക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെ ഹൈക്കോടതിയെ ആര്യൻ സമീപിച്ചെങ്കിലും ഹൈക്കോടതി കേസ് പരിഗണിക്കുന്നതിൽ അനിശ്ചിതത്വം നീങ്ങിയിട്ടില്ല. ഹൈക്കോടതി കേസ് വാദത്തിനെടുത്താലും തുടർച്ചയായി ദീപാവലി അവധി വരുന്നതിനാൽ ആര്യൻ്റെ ജയിൽ വാസം നീളാൻ സാധ്യതയുണ്ട്.