തീർത്ഥാടകരെ തള്ളിയ ദേവസ്വം വാച്ചർ അരുൺ കുമാറിനെതിരെ നടപടിയുണ്ടായേക്കും

തീർത്ഥാടകരെ തള്ളാൻ ആരാണ് വാച്ചർക്ക് അനുവാദം നൽകിയതെന്ന് കോടതി ചോദിച്ചു. തിരക്ക് നിയന്ത്രിക്കാൻ നിരവധിയായ മാർഗങ്ങളുണ്ട്. എങ്ങനെ ഇയാൾ ഭക്തരുടെ ദേഹത്ത് തൊടുമെന്നും കോടതി ചോദിച്ചു. ബോധപൂർവ്വം ചെയ്ത സംഭവമല്ലെന്ന സർക്കാർ മറുപടിയിൽ കോടതി തൃപ്തരായില്ല

0

തിരുവനന്തപുരം | ശബരിമല ക്ഷേത്രത്തിൽ തീർത്ഥാടകരെ തള്ളിയ ദേവസ്വം വാച്ചർ അരുൺ കുമാറിനോട് ബോർഡ്‌ വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ്‌ കെ അനന്തഗോപൻ.ശബരിമലയിൽ തീർത്ഥാടകരെ വാച്ചർ തള്ളിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രം​ഗത്തെത്തിയതിന് പിന്നാലെയാണ് ദേവസ്വം പ്രസിഡന്റ് വിശദീകരണം തേടിയത് ജീവനക്കാരൻ ബലം പ്രയോഗിച്ച് തള്ളി എന്ന് ഒരു തീർത്ഥാടകനും പരാതി നൽകിയിട്ടില്ല. വീഡിയോകളിലൂടെ മാത്രമാണ് ഇക്കാര്യം കണ്ടത്. ഭക്തർക്ക് നേരെ ബല പ്രയോഗം നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. കോടതിയുടെ തീരുമാനം അനുസരിച്ചു ബോർഡ്‌ തുടർനടപടികൾ സ്വീകരിക്കും. സ്പെഷ്യൽ കമ്മിഷണർ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡ്യൂട്ടിയിൽ നിന്ന് മാറ്റിയതല്ലാതെ മാറ്റ് നടപടികൾ എടുത്തിട്ടില്ല. അരുൺകുമാറിന്റെ വിശദീകരണം കാത്തിരിക്കുന്നുവെന്നും അനന്തഗോപൻ പറഞ്ഞു.

അതേസമയം തീർത്ഥാടകരെ തള്ളാൻ ആരാണ് വാച്ചർക്ക് അനുവാദം നൽകിയതെന്ന് കോടതി ചോദിച്ചു. തിരക്ക് നിയന്ത്രിക്കാൻ നിരവധിയായ മാർഗങ്ങളുണ്ട്. എങ്ങനെ ഇയാൾ ഭക്തരുടെ ദേഹത്ത് തൊടുമെന്നും കോടതി ചോദിച്ചു. ബോധപൂർവ്വം ചെയ്ത സംഭവമല്ലെന്ന സർക്കാർ മറുപടിയിൽ കോടതി തൃപ്തരായില്ല. എങ്ങനെ ഈ പ്രവർത്തിയെ ന്യായീകരിക്കാൻ ആകുമെന്ന് സർക്കാറിനോട് കോടതി ചോദിച്ചു. ഭക്തർ മണിക്കൂറുകൾ ക്യൂ നിന്നാണ് ദർശനത്തിന് എത്തിയത്. അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചോദിച്ച കോടതി സംഭവത്തിന്റെ വീഡിയോ കോടതി പരിശോധിക്കുകയാണ്.

ആരോപണ വിധേയനായ ദേവസ്വം ഗാർഡിനെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തു. തിരുവനന്തപുരം മണക്കാട് ദേവസ്വം വാച്ചറായ അരുണ്‍ കുമാർ ആണ് സന്നിധാനത്ത് ഭക്തരോട് അപമര്യാദയായി പെരുമാറിയത്. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറെയും കക്ഷി ചേർത്തിട്ടുണ്ട്. ദേവസ്വം ഗാർഡിനെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറോടും നിർദേശിച്ചു. അപമര്യാദയായി പെരുമാറിയ ദേവസ്വം ഗാർഡിനെതിരെ നടപടിയെടുത്തുവെന്നു സെക്യൂരിറ്റി ഓഫിസർ റിപ്പോർട്ടിൽ അറിയിച്ചു ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, പി ജി അജിത്ത് കുമാർ എന്നിവർ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം തിരുവനന്തപുരം ഗ്രൂപ്പിലെ ജീവനക്കാരനാണ് അരുൺ കുമാർ. ദേവസ്വം ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് കോൺഫെഡറേഷൻ സിഐടിയു സംസ്ഥാന നേതാവാണ് അരുൺ കുമാർ. സ്പെഷ്യൽ ഡ്യൂട്ടിക്കാണ് അരുൺ കുമാർ ശബരിമലയിൽ എത്തിയത്.

You might also like

-