കെ ജി സെന്റർ അക്രമണ കേസിലെ പ്രതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ പിടിയിലായത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ
ജൂൺ 30ന് രാത്രി സ്‌കൂട്ടറിലെത്തിയ അജ്ഞാതൻ എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്‌ഫോടകവസ്തു വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തിയെങ്കിലും നിർണായകമായ യാതൊരു വിവരവും ലഭിച്ചിരുന്നില്ല
തിരുവനന്തപുരം | എ കെ ജി സെന്റർ അക്രമണ കേസിലെ പ്രതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ. മൺവിള സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിനെയാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് പൊലീസ് പറയുന്നു.ജൂൺ മുപ്പതിനാണ് തിരുവനന്തപുരത്തെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം നടക്കുന്നത്. കേസന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു.
ജൂൺ 30ന് രാത്രി സ്‌കൂട്ടറിലെത്തിയ അജ്ഞാതൻ എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്‌ഫോടകവസ്തു വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തിയെങ്കിലും നിർണായകമായ യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
നഗരത്തിലെ മിടുക്കരായ പൊലീസുകാരെ ഉൾപ്പെടുത്തി അന്വേഷണ സംഘം ഉണ്ടാക്കി. സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന എകെജി സെന്‍ററിലെ സിസിടിവി ദൃശ്യമായിരുന്നു മുന്നിലെ ഏകപിടിവള്ളി. സംഭവം നടന്ന് മിനുട്ടുകള്‍ക്കുള്ളില്‍ പുറത്തുവന്ന ഈ സിസിടിവി ദൃശ്യത്തിനപ്പുറം ഒരുമാസം പിന്നിടുമ്പോഴും ഒന്നും കണ്ടെത്താനായില്ല. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതി സഞ്ചരിച്ചെന്ന സംശയിക്കുന്ന മോഡൽ ഡിയോ സ്കൂട്ടർ ഉടമകളെ മുഴുവൻ ചോദ്യം ചെയ്തു. പടക്കക്കച്ചടവക്കാരെ വരെ ചോദ്യം ചെയ്തു.
ഒടുവിൽ എകെജി സെന്‍ററിന് കല്ലെറിയുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇത് വിവാദമായതോടെ യുവാവിനെ വിട്ടയച്ച് തലയൂരി പൊലീസ്. സുരക്ഷയിലുണ്ടായിരുന്ന ഏഴ് പൊലീസുകാരിൽ അഞ്ച് പേർ സംഭവം നടക്കുമ്പോള്‍ തൊട്ടടുത്ത ഹസ്സൻമരയ്ക്കാർ ഹാളിൽ വിശ്രമത്തിലായിരുന്നു. മൂന്നാം നിലവരെ പ്രകമ്പനം കൊണ്ടുവന്ന് പറയുന്ന സ്ഫോടന ശബ്ദം തൊട്ടടുത്തുണ്ടായിരുന്ന പൊലീസുകാർ പോലും അറിഞ്ഞില്ലെന്നാണ് മൊഴി.