നിതിനയുടെ കൊലപാതകത്തിൽ പ്രതി അഭിഷേകിനെ കോളേജ് ക്യാംപസിൽ എത്തിച്ച് തെളിവെടുക്കും
മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിൽ പൊതുദർശനത്തിനും വെയ്‌ക്കും.പാലാ സെന്റ് തോമസ് കോളേജിൽ മൂന്നാം വർഷ ഫുഡ് ആൻഡ് ടെക്‌നോളജി വിദ്യാർത്ഥികളാണ് ഇരുവരും
കോട്ടയം: കോളേജ് വിദ്യാർത്ഥിനി നിതിനയുടെ കൊലപാതകത്തിൽ ഇന്ന് കോളേജിൽ തെളിവെടുപ്പ്. പ്രതിയായ അഭിഷേകിനെ കോളേജ് ക്യാംപസിൽ എത്തിച്ച് തെളിവെടുക്കും. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ കൊല്ലപ്പെട്ട നിതിനയുടെ സംസ്‌കാരം ഇന്ന് ബന്ധുവീട്ടിൽ നടക്കും. മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിൽ പൊതുദർശനത്തിനും വെയ്‌ക്കും.പാലാ സെന്റ് തോമസ് കോളേജിൽ മൂന്നാം വർഷ ഫുഡ് ആൻഡ് ടെക്‌നോളജി വിദ്യാർത്ഥികളാണ് ഇരുവരും. സപ്ലിമെന്ററി പരീക്ഷയെഴുതാനാണ് രണ്ട് പേരും കോളേജിൽ എത്തിയത്. പരീക്ഷയ്‌ക്ക് ശേഷം അഭിഷേകും നിതിനയും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. പ്രണയ നൈരാശ്യാണ് കൊലയ്‌ക്ക് കാരണമെന്ന് പോലീസ് അറിയിച്ചു.
കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതി പോലീസിനോട് മൊഴി നൽകിയത്. കത്തി കൊണ്ടുവന്നത് തന്റെ കൈ ഞരമ്പ് മുറിച്ച് നിതിനയെ പേടിപ്പിക്കാനാണെന്നും എന്നാൽ വഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കൊലപ്പെടുത്തിയതാണെന്നും പ്രതി വെളിപ്പെടുത്തി. രണ്ട് വർഷമായി നിഥിനയുമായി പ്രണയത്തിലായിരുന്നു. എന്നാൽ നിതിന അകന്നത് വൈരാഗ്യത്തിന് കാരണമായെന്നുമാണ് അഭിഷേക് മൊഴി നൽകിയത്.