അഭയകേസില്‍ കുറ്റമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് രണ്ടുലക്ഷം വാഗ്ദാനം ചെയ്തുവെന്ന് മുഖ്യസാക്ഷി അടക്കാരാജു

കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ താന്‍ മൂന്നുതവണ മോഷണത്തിന് എത്തിയിട്ടുണ്ടെന്ന് പറഞ്ഞ രാജു, മൂന്നാംതവണ എത്തിയ രാത്രിയിലാണ് അഭയയുടെ കൊലപാതകം നടക്കുന്നതെന്ന് കോടതിയില്‍ പറഞ്ഞു.

0

കോട്ടയം :അഭയകേസില്‍ കുറ്റമേറ്റെടുക്കാന്‍ ക്രൈംബ്രാഞ്ച് രണ്ടുലക്ഷം വാഗ്ദാനം ചെയ്തുവെന്ന് മുഖ്യസാക്ഷി അടക്കാരാജുവിന്റെ വെളിപ്പെടുത്തല്‍. കേസിന്റെ വിചാരണ നടക്കുന്ന തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയെയാണ് അടക്കാരാജു ഇക്കാര്യം അറിയിച്ചത്. ഫാദര്‍ തോമസ് കോട്ടൂരിനെ കോടതിയില്‍ അടക്കാരാജു തിരിച്ചറിഞ്ഞു.അഭയകേസിലെ ഏറ്റവും പ്രധാനപ്പെട്ട ദൃക്‌സാക്ഷിയാണ് അടയ്ക്കാ രാജുവെന്ന രാജു ഏലിയാസ്. മൂന്നാം സാക്ഷിയായി വിസ്തരിച്ച രാജു പ്രതികള്‍ക്കെതിരായി നല്‍കിയ മൊഴിയില്‍ ഉറച്ചു നിന്നു. കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ താന്‍ മൂന്നുതവണ മോഷണത്തിന് എത്തിയിട്ടുണ്ടെന്ന് പറഞ്ഞ രാജു, മൂന്നാംതവണ എത്തിയ രാത്രിയിലാണ് അഭയയുടെ കൊലപാതകം നടക്കുന്നതെന്ന് കോടതിയില്‍ പറഞ്ഞു.

അന്ന് രാത്രി രണ്ട് പുരുഷന്മാരെ കോണ്‍വെന്റിന്റെ ഗോവണിയില്‍ താന്‍ കണ്ടിരുന്നു. ഒന്ന് ഫാദര്‍ തോമസ് കോട്ടൂര്‍. രണ്ട് ഫാദര്‍ ജോസ് പുതൃക്കയില്‍. അന്ന് കണ്ടവരിലാരെങ്കിലും ഇന്ന് കോടതിയില്‍ ഉണ്ടോയെന്ന് പ്രോസിക്യൂഷന്‍ രാജുവിനോട് ചോദിച്ചു. വിസ്താരക്കൂട്ടില്‍ നിന്ന രാജു കോടതിയില്‍ ഉണ്ടായിരുന്ന ഫാദര്‍ കോട്ടൂരിനെ കാണിച്ചു കൊടുത്തു. സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞതോടെ സിബിഐ ഉദ്യോഗസ്ഥര്‍ക്കും ആശ്വാസമായി.

തുടര്‍ന്ന് അഭയ കൊല്ലപ്പെട്ട 1992 മുതല്‍ ഇങ്ങോട്ടുള്ള കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും രാജു കോടതിയില്‍ തുറന്നു പറഞ്ഞു. കേസ് ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ ഉദ്യോഗസ്ഥര്‍ തന്നെ തേടി വന്നിരുന്നു. കൊലപാതകം ഏറ്റെടുക്കാന്‍ പ്രലോഭിപ്പിച്ചു. രണ്ട് ലക്ഷം രൂപയും പുതിയ വീടും വീട്ടില്‍ ഒരാള്‍ക്ക് ജോലിയുമായിരുന്നു വാഗ്ദാനം. മൊഴി രേഖപ്പെടുത്തിയ കോടതി, വന്ന ഉദ്യോഗസ്ഥരെ തിരിച്ചറിയാന്‍ ആകുമോയെന്നും രാജുവിനോട് ചോദിച്ചു. ഇവരെ പല തവണ കണ്ടതാണെന്നും എപ്പോള്‍ കണ്ടാലും തിരിച്ചറിയാനാകുമെന്നും രാജു മറുപടി നല്‍കി.

You might also like

-