തീവ്രവാദ ബന്ധം : പൊലീസ് കസ്റ്റഡിയിലെടുത്ത അബ്ദുൽ ഖാദർ റഹീമിനെ വിട്ടയച്ചു
പൊലീസും എൻഐഎയും തമിഴ്‌നാട് ക്യു ബ്രാഞ്ചും മിലിട്ടറി ഇന്റലിജൻസും 24 മണിക്കൂർ ചോദ്യം ചെയ്തിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല
കൊച്ചി: തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത തൃശ്ശൂര്‍ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ഖാദർ റഹീമിനെ വിട്ടയച്ചു. പൊലീസും എൻഐഎയും തമിഴ്‌നാട് ക്യു ബ്രാഞ്ചും മിലിട്ടറി ഇന്റലിജൻസും 24 മണിക്കൂർ ചോദ്യം ചെയ്തിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതിനെത്തുടർന്നാണ് അബ്ദുൽ ഖാദർ റഹീമിനെ കസ്റ്റഡിയിൽ നിന്ന് വിട്ടയക്കാൻ തീരുമാനിച്ചത്. അതേസമയം, ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
ഇന്നലെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ് അബ്ദുൾ ഖാദർ റഹീമിനെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. തനിക്ക് തീവ്രവാദ സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് അഖ്ദുൾ ഖാദർ റഹീം അന്വേഷണ സംഘത്തോട് ആവർത്തിച്ചിരുന്നു. ശ്രീലങ്കയിലോ പാകിസ്ഥാനിലോ പോയിട്ടില്ലെന്നും ലഷ്കർ കമാൻഡർ എന്ന് കേന്ദ്ര ഏജൻസികൾ പറയുന്ന അബു ഇല്യാസിനെ പരിചയമില്ലെന്നും റഹീം ആവര്‍ത്തിച്ചു. ഇന്ത്യയിലേക്ക് പോരും മുമ്പ് ബഹ്റൈൻ പൊലീസ് ചോദ്യം ചെയ്തിരുന്നതായും ഇയാൾ പൊലീസിനെ അറിയിച്ചു