“കോൺഗ്രസിൽ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദർശനം” പരിഹസിച്ച എ വിജയരാഘവൻ
ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സമയമില്ലെന്നും വിജയരാഘവന് പരിഹസിച്ചു
ഡിസിസി പട്ടികയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ കലാപവും തുടര്‍ന്നുള്ള അനുനയശ്രമങ്ങളെയും പരിഹസിച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്. കോൺഗ്രസിൽ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദർശനം. പഴയ നേതാവിനെ പുതിയ നേതാവ് കാണുന്നു. പരസ്പരം കെട്ടിപ്പിടിക്കുന്നു. പ്രതിപക്ഷത്തിന് ഗ്രൂപ്പ് തർക്കവും പരസ്പര തർക്കവും മാത്രമാണുള്ളത്. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സമയമില്ലെന്നും വിജയരാഘവന് പരിഹസിച്ചു.
പുതിയ നേതാവ് പഴയ നേതാവിനെ കണ്ട് കെട്ടിപ്പിടിക്കുകയാണ്. ഇതാണോ ജനങ്ങള്‍ക്കായുള്ള ഇവരുടെ സേവനമെന്നും വിജയരാഘവന് ചോദിച്ചു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നേടി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പുതുപ്പള്ളിയിലെയും ഹരിപ്പാട്ടെയും വീട്ടിലെത്തി കണ്ടിരുന്നു. ഇതിനെ പരിഹസിച്ചാണ് വിജയരാഘവന്റെ മറുപടി.