പെണ്‍സുഹൃത്തിനെ കോക്പിറ്റിലിരുത്തി യാത്ര; എയര്‍ ഇന്ത്യ പൈലറ്റിന്റെ നടപടിയില്‍ ഡിജിസിഎ അന്വേഷണം

പൈലറ്റിന്റേത് ഗുരുതരമായ വീഴ്ചയെന്ന് ഡിജിസിഎ വിലയിരുത്തുന്നു. ഫെബ്രുവരി 27 നായിരുന്നു ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയത്.

0

ഡൽഹി :എയര്‍ ഇന്ത്യ പൈലറ്റിനെതിരെ ഡിജിസിഎ അന്വേഷണം. വനിതാ സുഹൃത്തിനെ വിമാനത്തിന്റെ കോക്പ്പിറ്റില്‍ കയറ്റിയ സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പൈലറ്റിന്റേത് ഗുരുതരമായ വീഴ്ചയെന്ന് ഡിജിസിഎ വിലയിരുത്തുന്നു. ഫെബ്രുവരി 27 നായിരുന്നു ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയത്.

ഡിജിസിഎ നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പൈലറ്റ് ലംഘിച്ചുവെന്നാണ് വിലയിരുത്തല്‍. താന്‍ പൈലറ്റായ വിമാനത്തില്‍ യാത്രക്കാരിയായി എത്തിയ സ്ത്രീ സുഹൃത്തിനെ കോക്ക്പിറ്റിലേക്ക് ആരോപണവിധേയനായ വ്യക്തി ക്ഷണിച്ചെന്ന് കണ്ടെത്തിയതായി ഡിജിസിഎ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനയാത്ര മൂന്ന് മണിക്കൂറോളം നേരമാണ് നീണ്ടുനിന്നത്. ഈ സമയമത്രയും ഈ സ്ത്രീ പൈലറ്റിനൊപ്പമിരുന്നാണ് യാത്ര ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.

ഇത്തരം പ്രവര്‍ത്തികള്‍ ചട്ടങ്ങളുടെ ലംഘനമാണെന്നത് മാത്രമല്ല പൈലറ്റിന്റെ ശ്രദ്ധ തിരിയാന്‍ കാരണമാകുന്നത് കൂടിയാണെന്ന് ഡിജിസിഎ ഓര്‍മിപ്പിച്ചു. പൈലറ്റിന്റെ ജാഗ്രതക്കുറവ് യാത്രക്കാരുടെ സുരക്ഷയെയാണ് ബാധിക്കുന്നത്. സസ്‌പെന്‍ഷനോ ലൈസന്‍സ് റദ്ദാക്കലോ ഉള്‍പ്പെടെയുള്ള അച്ചടക്കനടപടികള്‍ പൈലറ്റിനെതിരെ സ്വീകരിക്കാനാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. വിഷയത്തില്‍ എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

You might also like

-