ഓര്‍ഡിനന്‍സുകള്‍ അസാധുവാകുന്നത് പരിഹരിക്കാന്‍ പ്രത്യക നിയമസഭാ സമ്മേളനം വിളിക്കും

ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനെത്തുടര്‍ന്ന് അസാധുവായത്.ഓര്‍ഡിൻസ് വിഷയത്തിൽ ഗവര്‍ണ‍ര്‍ നിലപാടിൽ അയവ് വരുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെയും സര്‍ക്കാര്‍. ഒപ്പിട്ടില്ലെന്ന് മാത്രമല്ല, അസാധുവായ 11 ഓ‍ഡിനൻസുകൾ തിരികെ അയക്കാനും രാജ് ഭവൻ തയ്യാറായിട്ടില്ല

0

തിരുവനന്തപുരം | ഓര്‍ഡിനന്‍സുകള്‍ അസാധുവാകുന്നത് പരിഹരിക്കാന്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ ശുപാര്‍ശ. നിയമനിര്‍മ്മാണത്തിനായി 10 ദിവസത്തേക്ക് നിയമസഭ വിളിച്ചുചേര്‍ക്കാനാണ് ഇന്നു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതു സംബന്ധിച്ച മന്ത്രിസഭായോഗത്തിന്റെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറും.
ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ നിയമസഭ വിളിച്ചു ചേര്‍ക്കാനാണ് തീരുമാനം. ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്തത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനെത്തുടര്‍ന്ന് അസാധുവായത്.ഓര്‍ഡിൻസ് വിഷയത്തിൽ ഗവര്‍ണ‍ര്‍ നിലപാടിൽ അയവ് വരുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെയും സര്‍ക്കാര്‍. ഒപ്പിട്ടില്ലെന്ന് മാത്രമല്ല, അസാധുവായ 11 ഓ‍ഡിനൻസുകൾ തിരികെ അയക്കാനും രാജ് ഭവൻ തയ്യാറായിട്ടില്ല. ഗവ‍ര്‍ണര്‍ ഓര്‍ഡിനൻസ് തിരിച്ചയച്ചാൽ മാത്രമേ സര്‍ക്കാരിന് ഭേദഗതിയോടെയെങ്കിലും വീണ്ടും സമര്‍പ്പിക്കാൻ സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ ഗവര്‍ണര്‍ നടത്തുന്നത് അസാധാരണ നീക്കമാണ്.ഈ സാഹചര്യം മറികടക്കാനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നത്.

പ്രധാനപ്പെട്ട നിയമങ്ങളെല്ലാം തന്നെ ബില്ലുകളായി അവതരിപ്പിച്ച് നിയമസഭ പാസ്സാക്കി ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സഭ പാസ്സാക്കി അയക്കുന്നത് ഗവര്‍ണര്‍ക്ക് ഒപ്പിടേണ്ടി വരും. മാത്രമല്ല ഇപ്പോള്‍ ഗവര്‍ണറുടെ അനുമതി തേടി സമര്‍പ്പിച്ച പല ഓര്‍ഡിനന്‍സുകളും പല തവണ പുതുക്കിയതാണ്. അതില്‍ ഗവര്‍ണര്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു.

ലോകായുക്ത നിയമ ഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകളുടെ കാലാവധിയാണ് ഗവര്‍ണര്‍
ഒപ്പിടാതിരുന്നതോടെ കഴിഞ്ഞ തിങ്കളാഴ്ച അവസാനിച്ചത്. ഓർഡിനൻസുകളിൽ ഒപ്പിടുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിക്കുകയാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിശദമായി പഠിച്ച ശേഷമേ ഓർഡിനൻസിൽ ഒപ്പിടാൻ കഴിയുകയുള്ളൂ എന്നും ​ഗവർണർ വീണ്ടും വ്യക്തമാക്കി. നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് ഓർഡിനൻസ് ഇറക്കുന്നത്. കഴിഞ്ഞ തവണ നിയമസഭ ചേർന്നപ്പോൾ എന്തുകൊണ്ട് അത് സഭയിൽ വച്ചില്ലെന്ന ചോദ്യമുയ‍ര്‍ത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ഓർ‍ഡിനൻസ് ഭരണം അനുവദിക്കാനാകില്ലെന്നും വിശദാംശങ്ങൾ പരിശോധിച്ച് പഠിച്ച ശേഷം ഒപ്പിടുന്ന കാര്യം തീരുമാനിക്കാമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു .

You might also like

-