കേന്ദ്രമന്ത്രിമാര്‍ക്ക് പരമാവധി 11 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ കേരളത്തിലെ മന്ത്രിമാര്‍ക്ക് 20 പേഴ്‌സണല്‍ സ്റ്റാഫ് വിമർശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഭരണഘടനയ്ക്ക് അനുസൃതമായാണ് ഭരണം നടക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് താനിവിടെയുള്ളത്. തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോള്‍ അത് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞാല്‍ തനിക്കൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0

തിരുവനന്തപുരം | മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണത്തിൽ ആക്ഷേപം ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രമന്ത്രിമാര്‍ക്ക് പരമാവധി 11 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ മാത്രമുള്ളപ്പോൾ കേരളത്തിലെ മന്ത്രിമാര്‍ക്ക് 20 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളൊക്കെയാണുള്ളതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രവര്‍ത്തകരെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായി നിയമിച്ച് അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനെതിരായ നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ഇത്തരത്തില്‍ സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് പണം കൊള്ളയടിക്കുകയാണ്. ഇത് ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് എതിരാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായാണ് ഭരണം നടക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് താനിവിടെയുള്ളത്. തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോള്‍ അത് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞാല്‍ തനിക്കൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റുകയാണ്. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. പൊതുജനങ്ങളുടെ പണമാണ് നഷ്ടമാകുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ എന്ന രീതിയെയാണ് താന്‍ ഏറ്റവുമധികം എതിര്‍ത്തത്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ജ്യോതിലാലിനെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. തന്റെ നിലപാടുകൡ നിന്ന് പിന്നോട്ടുപോകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി ഡി സതീശനുനേരെ കടുത്ത ഭാഷയിലാണ് ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചത്. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം ഉമ്മന്‍ ചാണ്ടിയില്‍ നിന്നും രമേശ് ചെന്നിത്തലയില്‍ നിന്നുമെല്ലാം പഠിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ ബാലിശമായി പെരുമാറുന്നുവെന്ന് വിമര്‍ശനം ഉന്നയിച്ച മുന്‍ മന്ത്രി എ കെ ബാലനെതിരെ അതേ നാണയത്തില്‍ത്തന്നെ ഗവര്‍ണര്‍ തിരിച്ചടിച്ചു. മുന്‍മന്ത്രി ബാലിശമായി പെരുമാരുന്നുവെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.

 

 

 

 

You might also like

-